
കഴിഞ്ഞ ദിവസം നടന്ന ടി 20 വേള്‍ഡ്കപ്പ് ഏറെ ആവേശത്തോടെയാണ് ഇന്ത്യന്‍ കായിക പ്രേമികള്‍ ആസ്വദിച്ചത്. ആവേശോജ്ജ്വലമായ മത്സരത്തില്‍ ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മികച്ച പ്രകടനങ്ങളാണ് നടത്തിയത്. അവസാനം നിമിഷം വരെ കായികപ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തിയൊരു വിജയം കൂടിയായിരുന്നു ഇന്ത്യയുടേത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെയും കോച്ചായ രാഹുല്‍ ദ്രാവിഡിന്റെയും സന്തോഷവും വൈകാരിക പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയതില്‍ എല്ലാവരും എടുത്തു പറഞ്ഞ പേരുകളില്‍ വിരാട് കോഹ്ലിയുടേത് മുന്‍പന്തിയിലാണ്. കഴിഞ്ഞ ദിവസം ഈ വിജയത്തിലുള്ള സന്തോഷം ബോളിവുഡ് നടിയും വിരാടിന്റെ ഭാര്യയുമായ അനുഷ്ക ശര്‍മ്മ പങ്കുവച്ചിരുന്നു. ടി-20 ലോകകപ്പ് കിരീട നേട്ടത്തില്‍ ഇന്ത്യൻ ടീമിന് അഭിനന്ദനം കുറിച്ച അനുഷ്ക മകള്‍ വാമികയുടെ വാക്കുകള്‍ പങ്കുവച്ചാണ് ആശംസയറിയിച്ചത്.
ഇപ്പോഴിതാ അതിനുള്ള മറുപടി കുറിപ്പ് പങ്കിടുകയാണ് വിരാട് കോഹ്ലി. ‘‘പ്രിയേ, നീയില്ലാതെ ഇതൊന്നും വിദൂരമായി സാധ്യമല്ല. നീ എന്നെ വിനയാന്വിതനായി നിലനിർത്തുന്നു, അത് എങ്ങനെയാണെന്ന് നീ എപ്പോഴും സത്യസന്ധതയോടെ പറയുന്നു. എനിക്ക് നിന്നോട് കൂടുതൽ കൂടുതല്‍ നന്ദിയുണ്ട്. ഈ വിജയം എന്റേത് പോലെ നിന്റേതുമാണ്. നീ എപ്പോഴും നീയായിരുന്നതിന്‍ നന്ദി, ഞാൻ നിന്നെ സ്നേഹിക്കുന്നു...’’ അനുഷ്കയ്ക്കൊപ്പമുള്ള ചിത്രത്തിന്റെ കൂടെ വിരാട് കുറിച്ചു. രണ്ടു പേരും ചിരിച്ചുല്ലസിച്ച് ആഘോഷിക്കുന്ന ചിത്രമാണ് വിരാട് പങ്കുവച്ചിരിക്കുന്നത്.
വിരാടിന്റെ എല്ലാ വിജയത്തിനു പിന്നിലും ശക്തിയായി അനുഷ്കയുണ്ടെന്ന് പല തവണ വിരാട് പറഞ്ഞിട്ടുണ്ട്. ‘‘ഞാൻ ഈ മനുഷ്യനെ സ്നേഹിക്കുന്നു...വിരാട് കോഹ്ലി... നിങ്ങളെ എന്റെ വീട് എന്ന് വിളിക്കുന്നതിൽ വളരെ നന്ദിയുണ്ട്... ഇപ്പോൾ ഇത് ആഘോഷിക്കാൻ എനിക്ക് വേണ്ടി ഒരു ഗ്ലാസ് തിളങ്ങുന്ന വെള്ളം കുടിക്കൂ!...’’ എന്നായിരുന്നു വിരാടിന്റെ ചിത്രം പങ്കിട്ട് അനുഷ്ക കുറിച്ചത്.
മകള്‍ വാമികയുടെ വാക്കുകള്‍ പങ്കുവച്ചും അനുഷ്ക ആശംസ കുറിച്ചിരുന്നു. ‘‘കളിക്കാര്‍ കരയുമ്പോള്‍ അവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നായിരുന്നു ടിവി കാണുമ്പോള്‍ മകളുടെ ഏറ്റവും വലിയ ആശങ്ക…..ഉണ്ടായിരുന്നു മോളെ, 1.5 ബില്ല്യൻ ആളുകള്‍ അവരെ ആലിംഗനം ചെയ്തു. എന്തൊരു അദ്ഭുതകരമായ വിജയം. ഐതിഹാസിക നേട്ടം. ചാമ്പ്യന്മാർ. അഭിനന്ദനങ്ങള്‍....’’ എന്നാണ് അനുഷ്ക കുറിച്ചത്.
ഐതിഹാസിക വിജയത്തിനു പിന്നാലെ അനുഷ്കയുമായി വിഡിയോ കോളില്‍ സംസാരിക്കുന്ന കോലിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ഇന്ത്യ ഉയർത്തിയ 177 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്സേനേടാനായുള്ളൂ. മത്സരത്തിന്റെ അവസാനം സൂര്യകുമാറിന്റെ കിടിലൻ ബൗണ്ടറി ലൈൻ ക്യാച്ചാണ് ഇന്ത്യയെ വിജയത്തിലേയ്ക്ക് എത്തിച്ചത്.
തുടക്കത്തില്‍ തന്നെ ബിഗ് വിക്കറ്റുകള്‍ വീഴ്ത്തിയ സൗത്ത് ആഫ്രിക്കൻ താരങ്ങളുടെ ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചാണ് വിരാട് കോഹ്ലി, അക്സർ പട്ടേല്‍, ശിവം ദുബെ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍.






