
അടുത്തിടെ മലയാള സിനിമാപ്രവര്‍ത്തകരെയും ആരാധകരെയും ഒരുപോലെ നൊമ്പരപ്പെടുത്തിയ ഒരു വാര്‍ത്തയായിരുന്നു നടന് സിദ്ദിഖിന്റെ മൂത്ത മകന് റാഷിന്റെ വേര്‍പാട്. രണ്ട് ദിവസം മുമ്പാണ് സിദ്ദിഖിന് തന്റെ മൂത്ത മകൻ റാഷിനെ നഷ്ടപ്പെട്ടത്. മുപ്പത്തിയേഴുകാരനായ റാഷിൻ വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തവനാണ് റാഷിൻ. ഭിന്നശേഷിക്കാരനായ മകനെ സാപ്പിയെന്നാണ് സിദ്ദിഖും കുടുംബവും ഓമനിച്ച് വിളിച്ചിരുന്നത്. മൂത്ത മകന്റെ വേർപാട് സിദ്ദിഖിനെയാകെ ഉലച്ചു. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് മകന്റെ മരണ വാർത്തയറിഞ്ഞ് സിദ്ദിഖ് ഓടി എത്തിയത്.
നടന് ഷഹീന് സിദ്ദിഖ്, ഫര്ഹീന് സിദ്ദിഖ് എന്നിവരാണ് സാപ്പിയുടെ സഹോദരങ്ങള്‍. ഷഹീനും സാപ്പിയും സിദ്ദിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ്. ഭിന്നശേഷിക്കാരനാണെന്ന് കരുതി മകനെ എവിടെയും സിദ്ദിഖ് മാറ്റി നിർത്തിയിരുന്നില്ല. എന്ത് കാര്യത്തിലും അവനാണ് പ്രഥമ സ്ഥാനം സിദ്ദിഖ് നല്‍കിയിരുന്നത്.
ഇപ്പോഴിതാ മകന്റെ മരണശേഷം ആദ്യമായി മീഡിയയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സിദ്ദിഖ്. താരസംഘടനയായ അമ്മയുടെ വാർഷിക ജനറല്‍ ബോഡി മീറ്റിങ്ങില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. സിദ്ദിഖിനെ കണ്ടതോടെ ആദ്യം ഓടിയെത്തിയത് നടിമാരായ ഭാമയും ശരണ്യയും മുക്തയുമാണ്. ഭാമ സിദ്ദിഖിനെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ചു. ശേഷം വിനീത് കുമാർ അടക്കമുള്ള നടന്മാരും സിദ്ദിഖിനോട് ആശ്വാസ വാക്ക് പറയാനും ആശ്വസിപ്പിക്കാനുമായി എത്തി. സഹപ്രവർത്തകരുടെ ആശ്വാസ വാക്കുകള്‍ കേട്ടതോടെ സിദ്ദിഖിന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ‘മുറിവില്‍ വീണ്ടും കുത്തി നോവിക്കുന്നത് പോലെയാണ് തോന്നിയത് ’ എന്നൊക്കെയാണ് പലരും കുറിക്കുന്ന കമന്റുകള്‍.
മകന്റെ മരണ വാർത്തയറിഞ്ഞ് കരഞ്ഞ് തളർന്ന് വീട്ടിലേക്ക് കാണാൻ സുഹൃത്തുക്കള്ക്കൊപ്പമെത്തുന്ന സിദ്ദിഖിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. മലയാള സിനിമ ലോകം മുഴുവൻ സാപ്പിയെ അവസാനമായി കാണാനും സിദ്ദിഖിനേയും കുടുംബത്തെയും ആശ്വസിപ്പിക്കാനുമായി എത്തിയിരുന്നു. ഷഹീന്റെ വിവാഹം നടന്നപ്പോള്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയതും സാപ്പിയായിരുന്നു. ഷഹീന്റെ വിവാഹത്തില്‍ സോഷ്യല്‍മീഡിയ പേജില്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞ് നില്ക്കുന്നതും സാപ്പിയുടെ ചിത്രങ്ങളും കുസൃതി നിറഞ്ഞ വീഡിയോകളുമാണ്.
അതേസമയം അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇടവേള ബാബുവിന്റെ പിൻഗാമിയായിട്ടാണ് താരം എത്തുന്നത്. കൊച്ചി ഗോകുലം കണ്വെൻഷൻ സെന്ററില്‍ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്.
ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാല്‍ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു. നാല് തവണ എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു കുക്കു പരമേശ്വരൻ.
ഉണ്ണി ശിവപാല്‍ 2018-21 കാലത്ത് എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെയാളായ മഞ്ജു പിള്ള പരാജയപ്പെട്ടു. ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഭരണസമിതിയില്‍ കമ്മിറ്റി അംഗമായിരുന്നു നടൻ. സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേയ്ക്ക് എത്തുന്നത്.






