
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഡ്രൈ ഡേയിൽ എക്സൈസ് നടത്തിയ പരിശോധനയില്‍ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവും ചാരായവും പിടിച്ചെടുത്തു. മാവേലിക്കര താമരക്കുളത്ത് 10.6 ലിറ്റർ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം സൂക്ഷിച്ചു വച്ച് വിൽപ്പന നടത്തിയതിന് താമരക്കുളം സ്വദേശി മനോഹരന് (59) എന്നയാൾ അറസ്റ്റിലായി.
അനധികൃത വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 59 ലിറ്റർ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് പാലക്കാട് കണ്ണാടി വില്ലേജിൽ എക്സൈസ് പിടികൂടിയത്. പാലക്കാട് കണ്ണാടി സ്വദേശി രാജനെ (58) അറസ്റ്റ് ചെയ്തു. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.റോബർട്ടിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ ബി.ശ്രീജിത്തും സംഘവും ഒപ്പം എക്സൈസ് കമ്മീഷണർ മദ്ധ്യ മേഖല സ്ക്വാഡ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യ ശേഖരം കണ്ടെടുത്തത്.
തിരുവനന്തപുരം തെറ്റിവിളയിൽ 15 ലിറ്റർ ചാരായവുമായി മനോഹരൻ എന്നയാൾ പിടിയിലായി.തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.






