ചോദ്യം: 46 വയസ്സുള്ള വീട്ടമ്മയാണ് ഞാന്‍. കുറേ മാസങ്ങളായി അകാരണമായ പിരിമുറുക്കവും ആവശ്യമില്ലാതെ സങ്കടവും എനിക്ക് തോന്നുന്നു. പലപ്പോഴും യുക്തിഭദ്രമല്ലാതെ ദേഷ്യപ്പെടാറുണ്ടെന്ന് തോന്നുന്നു. ഇത് കുടുംബത്തില്‍ പലപ്പോഴും അസ്വസ്ഥതകള്‍ ഉണ്ടാകുന്നു. ശരീരത്തില്‍ വല്ലാതെ ചൂടും വിയര്‍പ്പും അനുഭവപ്പെടുന്നു. മൂന്ന് മാസമായി മാസമുറയും ഇല്ല. ഗൈനക്കോളജിസ്റ്റിനെ കാണിച്ചപ്പോള്‍ ആര്‍ത്തവവിരാമത്തിന്റെ പ്രശ്‌നങ്ങളാണ് ഇതെന്നാണ് പറഞ്ഞത്. ഇത് ശരിയാണോ..? അതോ എനിക്ക് മാനസികപ്രശ്‌നമോ മറ്റോ ആണോ..? വിദഗ്ധമായ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു.
രശ്മി, മലപ്പുറം
ഉത്തരം: സ്ത്രീയുടെ ജീവിതത്തിലെ സുപ്രധാനമായ നാഴികക്കല്ലാണ് ആര്‍ത്തവവിരാമം. യൗവനത്തില്‍നിന്ന് പതിയെ ഉണ്ടാകുന്ന വിരാമം കൂടിയാണിത്. ജീവിതത്തിന്റെ ഏതാണ്ട് മൂന്നില്‍ ഒന്ന് ഭാഗം ഇത്തരം കാലഘട്ടത്തില്‍ കൂടെ കടന്നുപോകുന്നത് അനിവാര്യതയാണ്.
ഹോര്‍മോണുകളുടെ ഉത്പാദനം പുനരുത്പാദനത്തിന് സഹായകരമായ രീതിയില്‍ ശരീരത്തില്‍ തുടങ്ങുമ്പോഴാണ് ആര്‍ത്തവം തുടങ്ങുന്നത്. ഈ കാലഘട്ടത്തിന്റെ അവസാനം കുറിച്ചുകൊണ്ട് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുമ്പോഴാണ് ആര്‍ത്തവവിരാമം ഉണ്ടാകുന്നത്.
ഈസ്ട്രജന്‍ എന്ന സ്ത്രീത്വ ഹോര്‍മോണിന്റെ ഉത്പാദനം ഏതാണ്ട് അവസാനിക്കുകയും അതിനനുസരിച്ചുള്ള ലക്ഷണങ്ങള്‍ ശരീരത്തില്‍ തുടങ്ങുകയും ചെയ്യുന്നു. മാനസികമായും കുറേയേറെ പ്രശ്‌നങ്ങള്‍ ഈ സമയത്ത് ഉണ്ടാകും. താങ്കള്‍ക്കുള്ള ലക്ഷണങ്ങള്‍ ഇതുമായി ബന്ധപ്പെട്ടത് തന്നെയാണ്. പലരും ഇതിനെ മാനസികരോഗമായി തെറ്റിദ്ധരിക്കാറുണ്ട്. അത് ശരിയല്ല. ഇത് സ്ത്രീകളുടെ ആയുസ്സില്‍ സംഭവിക്കുന്ന താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. അപൂര്‍വ്വമായി ചിലര്‍ക്കിത് തുടര്‍ന്നും നില്‍ക്കാറുണ്ടെന്ന് മാത്രം.
നന്നായി അധ്വാനിക്കയും സമീകൃതമായി ഭക്ഷണം കഴിക്കുന്ന സ്ത്രീകളില്‍ ഇത് കണ്ട് വരാറില്ല. പൊതുവേ പ്രായമാകുമ്പോള്‍ വാതാധിക്യമായി ശരീരം മാറുമെന്നാണ് ആയുര്‍വേദ മതം. സ്വാഭാവികമായും വാതികമായ ലക്ഷണങ്ങളായ വേദന, ബലക്കുറവ്, അസ്ഥിക്ഷയം മുതലായവ ഉണ്ടാകാം. ഈ കാലഘട്ടത്തില്‍ ഉണ്ടാകുന്ന പുകച്ചില്‍, ദേഷ്യം മുതലായവ ആയുര്‍വേദം അനുസരിച്ച് ചികിത്സ നല്‍കേണ്ട അസുഖമായി തന്നെയാണ് കണക്കാക്കുന്നത്.
എരിയും പുളിയുമുള്ള ആഹാരം കഴിക്കുക, ഉറക്കക്കുറവ്, പിരിമുറുക്കം, വ്യായാമമില്ലായ്മ, മാംസാഹാരങ്ങളുടെ ഉപയോഗം ഇവയൊക്കെ പിത്തം കോപിക്കാനുള്ള കാരണങ്ങളണ്.
ശരിക്കും നിങ്ങളുടെ രോഗചരിത്രവും ജീവിതശൈലിയും പഠിച്ചാല്‍ മാത്രമേ എന്തുകൊണ്ട് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നു എന്ന് പറയാന്‍ സാധിക്കുകയുള്ളൂ.
തല്‍ക്കാലം പിരിമുറുക്കം കുറഞ്ഞ ജീവിതശൈലി ക്രമീകരിക്കുകയും ദിവസം എട്ടു മണിക്കൂറെങ്കിലും ഉറങ്ങുകയും ചെയ്യുക.
പാല്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ആഹാരങ്ങള്‍ ശീലമാക്കണം. കുറുന്തോട്ടി 30 ഗ്രാം ചതച്ച് ഒരു ദിവസം 120 മില്ലി പാലില്‍ അര ലിറ്റര്‍ വെള്ളം ചേര്‍ത്ത് 120 മില്ലി ആക്കി വറ്റിച്ച് കഴിക്കുന്നത് നല്ലതാണ്. ശതാവരി, നറുനീണ്ടി, സോയ മുതലായവയും ഇങ്ങനെ കഴിക്കാം. ധന്വന്തരം, ദ്രക്ഷാദി, ശതാവര്യാദി മുതലായ കഷായങ്ങള്‍ അവസ്ഥാനുസരണം ഉപയോഗിക്കാം.
മാനസിക പ്രശ്‌നങ്ങള്‍ മറ്റും രൂക്ഷമാണെങ്കില്‍ ഒരു സ്ത്രീരോഗ വിദഗ്ധയെ കണ്ട് വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
ഡോ. പ്രിയദര്‍ശന






