
1984 ലെ ഫെമിന മിസ്സ് ഇന്ത്യയായ ശേഷം ബോളിവുഡിലേക്ക് എത്തിയ അഭിനേത്രിയാണ് ജൂഹി ചൗള. പിന്നീടിങ്ങോട്ട് മികച്ച നായിക കഥാപാത്രങ്ങളിലൂടെ താരം ബോളിവുഡില്‍ തിളങ്ങി. ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയും നായികയായി ജൂഹി വെള്ളിത്തിരയില്‍ തിളങ്ങിയിട്ടുണ്ട്. മലയാളത്തിലും താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം താരം അഭിനയിച്ച് പ്രേക്ഷകപ്രീതി നേടിയതാണ്. സിനിമയില്‍ നിന്ന് ഇടവേളയെടുത്തു നില്ക്കുന്ന സമയത്തും അവതാരകയായും അഭിമുഖങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും താരം ലൈംലൈറ്റില്‍ തിളങ്ങി നിന്നിരുന്നു.
ബിസിനസുകാരനായ ജയ് മെഹ്ത്തയെയാണ് ജൂഹി വിവാഹം ചെയ്തത്. തങ്ങളുടെ 29-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരദമ്പതിമാര്‍. ഇപ്പോഴിതാ വിവാഹം വളരെ ലളിതമായി നടത്തിയതിനെ കുറിച്ചും അതിന് തന്നെ ഭര്‍ത്താവിന്റെ മാതാവ് സഹായിച്ചതിനെ കുറിച്ചും തുറന്നുപറയുകയാണ് ജൂഹി. ഇത്രയും ആര്‍ഭാടമായി വിവാഹം നടത്തേണ്ടെന്ന് താന്‍ ഒരു ദിവസം ജയിയുടെ അമ്മയെ വിളിച്ചുപറഞ്ഞുവെന്നും അവരോട് സംസാരിക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് താന്‍ കരുഞ്ഞുവെന്നും ജൂഹി പറയുന്നു. ജൂഹിയുടെ അമ്മ റോഡപകടത്തില്‍ മരിച്ചിട്ട് അന്ന് ഒരു വര്‍ഷം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു
‘‘വിവാഹത്തിന് തൊട്ടുമുമ്പ് ഞാന്‍ എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്റ്റുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്റെ അമ്മ മരിച്ചിട്ടാണെങ്കില്‍ ഒരു വര്‍ഷം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. വിവാഹ തിയ്യതി നിശ്ചയിച്ചപ്പോള്‍ ഞാന്‍ എന്റെ അമ്മയെ കുറിച്ചാണ് ആലോചിച്ചത്. എനിക്കേറ്റവും പ്രിയപ്പെട്ട അമ്മയില്ലാതെ എന്ത് വിവാഹമെന്നായിരുന്നു എന്റെ മനസ് മുഴുവന്‍. എന്റെ കരിയറും അവസാനിക്കാന്‍ പോകുകയാണെന്ന് ഞാന്‍ പേടിച്ചു. ഒരു ദിവസം സഹിക്കാനാകാതെ ഞാന്‍ ജയിയുടെ അമ്മയെ വിളിച്ച് കരഞ്ഞു. വിവാഹം ലളിതമായി നടത്തിയാല്‍ മതിയെന്ന് പറഞ്ഞു. അവര്‍ എല്ലാം കേട്ടശേഷം ഓക്കേ പറഞ്ഞു. വീട്ടുകാരെയെല്ലാം കാര്യങ്ങള്‍ ബോധിപ്പിച്ചു.
അപ്പോഴേക്കും രണ്ടായിരത്തോളം അതിഥികളെ വിവാഹത്തിന് ക്ഷണിച്ചു കഴിഞ്ഞിരുന്നു. വിവാഹം ഇപ്പോള്‍ നടത്തുന്നില്ലെന്ന് അവരെയെല്ലാം വിളിച്ചുപറഞ്ഞു. അങ്ങനെ അടുത്ത കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ഞങ്ങള്‍ വീട്ടില്‍വെച്ച് വിവാഹിതരായി. നൂറിന് അടുത്ത് ആളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ ഭര്‍ത്താവിന്റെ അമ്മ ചെയ്തതുപോലെ മറ്റാരെങ്കിലും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ക്ഷണിച്ച അതിഥികളോട് വിവാഹത്തിന് വരേണ്ടെന്ന് പറയുന്നതിനെ കുറിച്ച് നിങ്ങള്‍ ആലോചിച്ചുനോക്കൂ....’’ ഗുജറാത്തില്‍ നടന്ന ഒരു ഗുജറാത്ത് ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍സ്ട്രി എന്ന പരിപാടിയില്‍ ജൂഹി പറഞ്ഞു.
Rendezvous With Juhi ChawlaRendezvous With Juhi Chawla
Posted by Gujarat Chamber of Commerce & Industry on Wednesday, May 1, 2024
ജയ് മെഹ്തയുടേയും ജൂഹി ചൗളയുടേയും വിവാഹം 1995-ലായിരുന്നു. ജൂഹിയുമായിട്ടുള്ളത് ജയ് മെഹത്തയുടെ രണ്ടാം വിവാഹമായിരുന്നു. ഒരു അപകടത്തിലാണ് ജയ് മെഹത്തയ്ക്കും ആദ്യ ഭാര്യയെ നഷ്ടപ്പെട്ടത്. 1990-ല്‍ നടന്ന ഒരു വിമാനപകടത്തിലായിരുന്നു ജയിയുടെ ഭാര്യ സുജാത ബിര്‍ള മരണപ്പെട്ടത്. വര്‍ഷങ്ങള്‍ക്കു ശേഷം പ്രണയത്തിലൂടെയാണ് ജൂഹിയെ ജയ് വിവാഹം ചെയ്യുന്നത്. ജാന്‍വി മെഹ്ത, അര്ജുന് മെഹ്ത എന്നിങ്ങനെ രണ്ടു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഡ്യുപ്ലിക്കേറ്റ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെത്തിയപ്പോഴാണ് ജൂഹിയുടെ അമ്മ മോന മരണപ്പെടുന്നത്. അന്ന് ജൂഹിക്കൊപ്പം ഷൂട്ടിങ്ങിനുപോയ മോനയ്ക്ക് അപകടം സംഭവിക്കുകയായിരുന്നു.
അന്ന് അമ്മയെ നഷ്ടപ്പെട്ടപ്പോള്‍ ജൂഹിക്ക് ഏറ്റവും കൂടുതല്‍ ആശ്വാസം പകര്‍ന്നത് ജയ് ആയിരുന്നു. അതിനെ കുറിച്ച് മുമ്പ് ഒരു അഭിമുഖത്തില്‍ ജൂഹി ചൗള പറഞ്ഞിട്ടുണ്ട്. ‘‘ഞാന്‍ പോകുന്നിടത്തെല്ലാം എനിക്ക് സമ്മാനങ്ങളുമായി അദ്ദേഹമുണ്ടാകുമായിരുന്നു. പൂക്കളും പ്രണയലേഖനങ്ങളും എനിക്ക് സമ്മാനിച്ചു. എന്റെ ഒരു പിറന്നാളിന് ഒരു ട്രക്ക് നിറയെ അദ്ദേഹം ചുവപ്പ് റോസാപ്പൂക്കള്‍ അയച്ചുതന്നു. ഇത്രയും റോസാപ്പൂക്കള്‍ കൊണ്ട് എന്തുചെയ്യാനാണ് എന്നാണ് ഞാന്‍ ആലോചിച്ചത്. അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്നതെല്ലാം അദ്ദേഹം ചെയ്തു. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്തു...’’ ജൂഹി പറയുന്നു.






