
ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർക്കോ. ചിത്രത്തിൽ റിയാസ് ഖാനും പ്രധാന വേഷത്തിലെത്തുന്നു. റിയാസ് ഖാനെ സെറ്റിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള വീഡിയോ ഉണ്ണി മുകുന്ദൻ പങ്കുവെച്ചിട്ടുണ്ട്. അടിച്ചു കേറി വാ എന്ന ഡയലോഗ് പറഞ്ഞ് കൊണ്ടുള്ളതാണ് വീഡിയോ.
ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ചന്ദ്രു സെൽവരാജാണ്. ആധുനിക സാങ്കേതികവിദ്യാ മികവുകളോടെ വൻമുതൽ മുടക്കിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ സിദ്ധിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ യുഹാൻ സിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. സമീപകാല മലയാള സിനിമയിൽ ആക്ഷന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന സിനിമ കൂടിയാണിത്.
എട്ട് ആക്ഷനുകളാണ് ഹനീഫ് അദേനി മാർക്കോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അമീർ ഖാൻ ചിത്രങ്ങൾക്ക് ആക്ഷൻ കോറിയോഗ്രാഫി ഒരുക്കുന്ന കലൈസിംഗ് സൺ, സ്റ്റണ്ട് സെൽവ തുടങ്ങിയ പ്രമുഖരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്.
ഡൈനാമിക് ആക്ഷൻ ഹീറോയെന്നു വിശേഷിപ്പിക്കാവുന്ന ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറ്റവും മികച്ച ഹൈ വോൾട്ടേജ് കഥാപാത്രമായിരിക്കും മാർക്കോ എന്ന കാര്യത്തിൽ തർക്കമില്ല. ഹനീഫ് അദേനി തന്നെ സംവിധാനം ചെയ്ത് വിജയം കൈവരിച്ച മിഖായേലിൻ്റെ സന്തതികളിലെ മാർക്കോ ജൂനിയർ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഹനീഫ് അദേനി നായകനാക്കിയിരിക്കുന്നത്.






