
തെന്നിന്ത്യൻ താരം റിയാസ് ഖാൻ ഭാര്യ ഉമയ്ക്ക് വിവാഹവാർഷികാശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. "എന്റെ ജീവന് വിവാഹവാർഷികാശംസകൾ, ഉമാ ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു" എന്നാണ് ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.
താരത്തിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി നിരവധി ആരാധകരും സിനിമാ സഹപ്രവർത്തകരുമാണ് രംഗത്തെത്തുന്നത്. പ്രതിസന്ധികളിൽ തളരാതെ പരസ്പരം താങ്ങായി നിൽക്കുന്ന ഈ ദമ്പതികൾക്ക് സോഷ്യൽ മീഡിയ ഒന്നടങ്കം ആശംസകൾ നേരുകയാണ്.
1992 ലായിരുന്നു റിയാസ് ഖാന്റെയും ഉമയുടെയും വിവാഹം. രണ്ട് വ്യത്യസ്ത മതങ്ങളിൽ നിന്നുള്ള വിവാഹമായിരുന്നു ഇവരുടേത്. വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന്, ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നുപോയാണ് ഇരുവരും തങ്ങളുടെ ജീവിതം കെട്ടിപ്പടുത്തത്.
റിയാസ് ഖാൻ സിനിമയിൽ സജീവമാകുന്നതിന് മുൻപായിരുന്നു ഇവരുടെ വിവാഹം. കരിയറിന്റെ തുടക്കകാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളിലും റിയാസിന് പൂർണ്ണ പിന്തുണയുമായി ഉമ ഒപ്പമുണ്ടായിരുന്നു. നർത്തകിയും നടിയുമായ ഉമ തമിഴ് ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്.
ചെന്നൈയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ റിയാസ് ഖാൻ, അമേരിക്കയിൽ നിന്നും ബിരുദം കരസ്ഥമാക്കി. മലയാള സിനിമയിൽ ഏറെയും വില്ലൻ കഥാപാത്രങ്ങളാണ് റിയാസ് ഖാനെ തേടിയെത്തിയത്. എന്നാൽ, അദ്ദേഹം പിൽക്കാലത്ത് മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി. ഇന്ന് ഉമയുടെയും റിയാസിന്റെയും മകൻ ഷാരിഖ് ഹസൻ തമിഴ് സിനിമാ ലോകത്തെ ശ്രദ്ധേയനായ നടനാണ്. ഷാരിഖിനെ കൂടാതെ സമർഥ് എന്നൊരു മകനും ഈ ദമ്പതികൾക്കുണ്ട്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും റിയാസ് ഖാൻ അഭിനയിച്ചിട്ടുണ്ട്. ഇന്നും ചുറുചുറുക്കും ഫിറ്റ്നസും കാത്തുസൂക്ഷിക്കുന്ന റിയാസിന് സോഷ്യൽ മീഡിയയിൽ വലിയ ആരാധക പിന്തുണയുണ്ട്. താരം ഒരു മികച്ച ബോഡിബിൽഡർ കൂടിയാണ്. ദിലീപ് ചിത്രമായ 'ഭ ഭ ബ’ആണ് റിയാസ് ഖാന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ.






