
തൃശൂര്‍: തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനും കമ്മിഷണര്‍ ഓഫീസും ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഫോണില്‍ ഭീഷണി. തേക്കിന്‍കാട് മൈതാനിയില്‍ ഞായറാഴ്ച വൈകിട്ട് നടത്താനിരുന്ന ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷം പോലീസ് പൊളിച്ചതിലുള്ള വൈരാഗ്യമാണ് ഭീഷണിക്കു കാരണമെന്നാണ് സംശയം. തൃശൂര്‍ വെസ്റ്റ് സ്റ്റേഷനിലേക്കാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഫോണ്‍ ഭീഷണി വന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ വിളിച്ചത് ഒല്ലൂരിലെ ഗുണ്ടയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടാത്തലവന് കടവി രണ്‍ജിത്തിന്റെ സംഘത്തില്‍പ്പെട്ട തീക്കാറ്റ് സജീവനാണെന്നാണ് സൂചന.
കടവി രണ്ജിത്തിനുശേഷം ജില്ലയിലെ ഏറ്റവും വലിയ സംഘം തന്റേതാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പിറന്നാളാഘോഷത്തിന്റെ വിരുന്നുസല്ക്കാരം നഗരമധ്യത്തില്‍ ഒരുക്കിയത്. പുതിയ ഗുണ്ടാസംഘത്തലവന്റെ പിറന്നാളാഘോഷത്തിന് പരായപൂര്ത്തിയാകാത്ത 12 പേരടക്കം മുപ്പതിലേറെ പേരാണ് ഒത്തുകൂടിയത്. സംഭവം മണത്തറിഞ്ഞ പോലീസ് ആസൂത്രതമായ ഇടപെടല്‍ നടത്തി 32 പേരെ പിടികൂടി. ഇതിലെ വൈരാഗ്യമാകാം ഭീഷണിക്കു പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. കാപ്പയുള്‍പ്പെടെ നിരവധി കേസില്‍ പ്രതിയായ പുതിയ ഗുണ്ടാത്തലവന്റെ 'രംഗണ്ണന് സ്റ്റൈല്‍' പിറന്നാളാഘോഷത്തിനുള്ള മാസ് എന്‍ട്രിയാണ് പോലിസ് പൊളിച്ചത്. സോഷ്യല്‍ മീഡിയില്‍ സജീവമായ ഗുണ്ടാനേതാവ് പോലീസിനും നാട്ടുകാര്‍ക്കും തലവേദനയാണ്. ചെറിയ വിഷങ്ങളില്‍ പോലും വലിയ വെല്ലുവിളികള്‍ നടത്തി നാട്ടുകാരെ ഭീതിയിലാക്കുകയാണ് ഇയാളുടെ രീതി.ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫാണ്. സംഭഴത്തില്‍ വെസറ്റ് പോലീസ് കേസെടുത്തു.






