ആസ്ത്മാ രോഗികള്‍ ജീവിതക്രമത്തിലും ആഹാരശൈലിയലും പ്രത്യേക ശ്രദ്ധകൊടുക്കണം. അതായത് മരുന്നുകഴിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. മരുന്നുപോലെ പ്രധാനപ്പെട്ടതാണ് ആസ്ത്മ ചികിത്സയില്‍ ഭക്ഷണ നിയന്ത്രണത്തിനുള്ള പങ്ക്. ചിട്ടയോട് കൂടിയ ജീവിതം വേണം ആസ്ത്മയുടെ ബുദ്ധിമുട്ട് ഉള്ളവര്‍ സ്വീകരിക്കാന്‍. തണുത്ത അന്തരീക്ഷവും തണുത്ത ഭക്ഷണ സാധനങ്ങളും പാടേ ഒഴിവാക്കണം. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച വെള്ളം, ഐസ് എന്നിവയാകെ ഉപയോഗിക്കാതിരിക്കണം. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ആസ്ത്മാരോഗികള്‍ മാംസാഹാരം കഴിക്കാതിരിക്കുക. കഫത്തെ വര്‍ധിപ്പിക്കുന്ന അന്നപാനങ്ങള്‍ ഒഴിവാക്കണം. മധുരപലഹാരങ്ങള്‍, ഐസ്‌ക്രീം, ഉഴുന്ന് ചേര്‍ന്ന ആഹാരസാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ ശ്രമിക്കണം. ദഹനതടസമുണ്ടാക്കുന്ന ആഹാരങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ പാടില്ല. അതിനെല്ലാമുപരി ശുദ്ധമായ ഗൃഹാന്തരീക്ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമവും ഇതോടൊപ്പം നടത്തേണ്ടതാണ്.
വീട്ടില്‍ ചെയ്യാവുന്നത്
ആസ്ത്മയുടെയും അലര്‍ജിയുടെയും അസ്വസ്ഥതകള്‍ക്ക് ആശ്വാസം ലഭിക്കാന്‍ വീട്ടില്‍ തയാറാക്കാവുന്ന ആയുര്‍വേദ ഔഷധങ്ങളുണ്ട്.
ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ സ്വരസം 10 മില്ലി ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. കുരുമുളക് പൊടിച്ച് കല്‍ക്കണം ചേര്‍ത്ത് കഴിക്കുക.
കച്ചോല ചൂര്‍ണം 10 ഗ്രാം തേനില്‍ കുഴച്ച് കഴിക്കുക.
ഇഞ്ചിനീര്, ചുവന്നുള്ള നീര് എന്നിവ തേന്‍ ചേര്‍ത്ത് കഴിക്കുക. ഉണക്കിപ്പൊടിച്ച തിപ്പലിയും പഞ്ചസാരയും ചേര്‍ത്ത് രണ്ടുനേരം സേവിക്കുക.
തുളസിയില നീരില്‍ അഞ്ച് മില്ലി തേന്‍ ചേര്‍ത്ത് കഴിക്കുക.
തൃഫല, കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവ ചേര്‍ത്ത് കഷായം വച്ച് കുടിക്കുക.
ഡോ. പി. മോഹനന്‍ വാരിയര്‍






