
സ്വാര്‍ത്ഥത നിറഞ്ഞ ഒരു ലോകമാണ് ഇന്ന് നമ്മുക്ക് ചുറ്റുമുള്ളത്. എല്ലാവരും സ്വന്തം കാര്യങ്ങള്‍ക്ക് പിന്നാലെ പായുമ്പോള്‍ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പരസ്പരം സഹായിക്കാന്‍ സന്നദ്ധരാകുന്നവര്‍ വളരെ ചുരുക്കം മാത്രമാണുള്ളത്. എന്നാല്‍ പരസ്പരം സഹായിക്കുമ്പോഴാണ് മനുഷ്യന്, മനുഷ്യനാകുന്നത്. എന്നാല്‍, മത്സരത്തിന്റെ ലോകത്ത് അത്തരം നന്മകള് മഷിയിട്ടാല്‍ പോലും കാണാന്‍ കിട്ടില്ലെന്നതാണ് അവസ്ഥ.
എന്നാല്‍ അതേസമയം അപൂര്‍വ്വമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്ന ഇത്തരം നന്മകള് പലപ്പോഴും നെറ്റീസണ്‍സ് ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
സച്ച്കദ്വാഹി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതിശക്തമായ കൊടുങ്കാറ്റില്‍ നിന്നും ഒരു കൂട്ടം ഡെലിവറി ബോയിസിനെ സംരക്ഷിച്ച് നീങ്ങുന്ന രണ്ട് ബസുകളുടെ വീഡിയോയായിരുന്നു അത്. വീഡിയോ പങ്കുവച്ച് കൊണ്ട് സച്ച്കദ്വാഹി ഇങ്ങനെ കുറിച്ചു, 'യഥാര്‍ത്ഥ ജീവിത നായകന്മാര് ! 2021 നവംബറില്‍, രണ്ട് ഇസ്താംബുള്‍ മുനിസിപ്പാലിറ്റി ബസുകള്‍ മോട്ടോര്‍ സൈക്കിള്‍ കൊറിയറുകളെ പാലത്തിലെ ശക്തമായ കാറ്റില്‍ നിന്ന് സംരക്ഷിക്കുന്നു. കടുത്ത കാലാവസ്ഥയില്‍ അവയുടെ സുരക്ഷ ഉറപ്പാക്കി. ഐക്യദാര്‍ഢ്യത്തിന്റെയും പെട്ടെന്നുള്ള ചിന്തയുടെയും യഥാര്‍ത്ഥ തെളിവ്!.' പതിനേഴ് ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. രണ്ട് ലക്ഷത്തിന് മേലെ കാഴ്ചക്കാര്‍ വീഡിയോ ലൈക്ക് ചെയ്തു.
പങ്കുവയ്ക്കപ്പെട്ട വീഡിയിയോയില്‍ ഒരു പാലത്തിന് ഇരുവശത്ത് കൂടി പോകുന്ന രണ്ട് ബസുകളെ കാണാം. രണ്ട് ബസുകള്‍ക്കും നടുവിലായി ഒരു കൂട്ടം ഡെലിവറി ബോയിസ് വളരെ ശ്രദ്ധാപൂര്‍വ്വം മുന്നോട്ട് പോകുന്നതും കാണാം. അതിശക്തമായ കൊടുങ്കാറ്റില്‍ ചില സമയങ്ങളില്‍ ബൈക്ക് ആടിയുലയുന്നതും വീഡിയോയില്‍ കാണാം. വാഹനങ്ങള്‍ക്ക് പുറകില്‍ ഉണ്ടായിരുന്ന ഒരു കാറില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. ഇരുവശത്ത് നിന്നും ബസുകള്‍ സംരക്ഷണം നല്കിയതിനാല് 'കാറ്റ് ഒരേസമയം ഇരു ദിശകളില്‍ നിന്നും വീശുന്നുണ്ടോ?' എന്നായിരുന്നു ഒരു കാഴ്ചക്കാരന്റെ സംശയം. 'അടുത്തിടെ ലോസ്റ്റ് ഇന്‍ ലവ് എന്ന സിനിമ കണ്ടു. എല്ലാം തുര്‍ക്കിയെ കുറിച്ചാണ്... സന്ദര്‍ശിക്കാന്‍ നല്ല സ്ഥലമാണെന്ന് തോന്നുന്നു' മറ്റൊരു കാഴ്ചക്കാരന് എഴുതി.






