
പത്തനംതിട്ട: മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്നു സി.പി.എമ്മിലേക്കു വരവേറ്റവരില്‍ ഒരാള്‍ കഞ്ചാവുമായി പിടിയിലായ സംഭവത്തില്‍ വീണുരുണ്ട് വീണ്ടും ചെളിയില്‍ മുങ്ങി പാര്‍ട്ടി നേതൃത്വം. പിടിയിലായ യദുകൃഷ്ണനെ യുവമോര്‍ച്ച ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥന് കള്ളക്കേസില്‍ കുടുക്കിയെന്നായിരുന്നു പാര്‍ട്ടി ഏരിയാ സെക്രട്ടറി എം.വി. സഞ്ജുവിന്റെ ആരോപണം. എന്നാല്‍, ഭരണകക്ഷിനേതാവിന്റെ ഈ വാദം എക്സൈസ് അധികൃതര്‍തന്നെ പൊളിച്ചടുക്കി.
യദുവിനെ കഞ്ചാവുമായി പിടികൂടുന്നതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ സഹിതം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉന്നതോദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് നല്കി. യുവമോര്‍ച്ചക്കാരനായ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം. അസീസാണു യദുവിനെ കള്ളക്കേസില്‍ കുടുക്കിയതെന്നായിരുന്നു സഞ്ജുവിന്റെ ആരോപണം. ഇതിനെതിരേ എക്സൈസ് ഉദ്യോഗസ്ഥര്‍ പരസ്യപ്രതികരണവുമായി രംഗത്തുവന്നതോടെ സി.പി.എം. വെട്ടിലായി. മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയിട്ടുള്ള താന്‍ 23 വര്‍ഷമായി എക്സൈസില്‍ ജോലിചെയ്യുന്നുവെന്നും ധാരാളം ഗുഡ് സര്‍വീസ് എന്‍ട്രികള്‍ കിട്ടിയിട്ടുണ്ടെന്നും അസീസ് പറഞ്ഞു. തനിക്കു രാഷ്ട്രീയമില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു രാഷ്ട്രീയം പാടില്ലെന്നാണു താന്‍ മനസിലാക്കിയിരിക്കുന്നത്. ആക്ഷേപം തനിക്കും കുടുംബത്തിനും അവമതിപ്പുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. സഞ്ജുവിനെതിരേ അസീസ് നിയമനടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.
കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനൊപ്പമാണു യദു ഉള്‍പ്പെടെ 62 പേരെ സി.പി.എമ്മിലേക്കു സ്വീകരിച്ചത്. ഇതു വിവാദമായതോടെ ശരണ്‍ കാപ്പ കേസ് പ്രതിയല്ലെന്ന ന്യായീകരണവുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി രംഗത്തെത്തി. എന്നാല്‍, ഈ വാദം തെറ്റാണെന്നു ജില്ലാ പോലീസ് മേധാവിതന്നെ വ്യക്തമാക്കി. തുടര്‍ന്ന്, കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണു മലയാലപ്പുഴ സ്വദേശി യദുകൃഷ്ണനെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. ഏരിയാ സെക്രട്ടറി പിന്തുണയുമായെത്തിയതോടെ എക്സൈസ് കളളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് യദു മലയാലപ്പുഴ പോലീസിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി. യദുവിനെ ജാമ്യത്തിലിറക്കിയതു സി.പി.എം. ലോക്കല്‍ സെക്രട്ടറി മിഥുനായിരുന്നു.






