
സോഷ്യല്‍ മീഡിയ ഇല്ലാത്ത ഒരു കാലത്തെ കുറിച്ച് നമ്മുക്ക് ചിന്തിക്കാനാകില്ല. കാരണം ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ അത്രത്തോളം പ്രാധാന്യമാണ് സോഷ്യല്‍ മീഡിയയ്ക്കുള്ളത്. മനുഷ്യന് ഉല്ലസിക്കാന്‍ മാത്രമുള്ളതല്ല വികാരങ്ങളും വിചാരങ്ങളും പങ്കുവയ്ക്കാനും അതിനുള്ള പരിഹാരം കണ്ടെത്താനുമുള്ള ഇടമായി സമൂഹ മാധ്യമങ്ങള്‍ മാറിയിരിക്കുകയാണ്. എന്നാല്‍ അതേസമയം സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഒരു പക്ഷേ എട്ടിന്റെ പണി കിട്ടിയെന്നുംവരും. കാരണം നമ്മളെങ്ങോട്ട് പോകുന്നു, എന്ത് കഴിക്കുന്നു, നമുക്ക് എന്താണിഷ്ടം തുടങ്ങി സകല കാര്യങ്ങളും ഇന്ന് പലരും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് ചിലപ്പോള്‍ നമുക്ക് പാരയായി വരാനും സാധ്യതയുണ്ട്.
എന്തായാലും ഇവിടെ ഇതാ ഒരു മയക്കുമരുന്ന് മാഫിയാ തലവന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. രണ്ട് വര്‍ഷത്തോളമായി പോലീസില്‍ നിന്നും മുങ്ങിനടക്കുന്ന ബ്രസീലിയന്‍ മയക്കുമരുന്ന് തലവനായ റൊണാള്‍ഡ് റോളണ്ടിനെയാണ് പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റാണത്രെ ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. ഭര്‍ത്താവിന്റെ സമ്പത്തിനെ പുകഴ്ത്തി ഇവരിട്ട പോസ്റ്റുകള്‍ എന്തായാലും വിനയായത് റോളണ്ടിനാണ്. എന്നാല്‍, ഇമ്മാതിരി ഒരു ദുരന്തം ഇയാളുടെ കാര്യത്തില്‍ സംഭവിക്കുന്നത് ഇത് ആദ്യമായിട്ടല്ല. നേരത്തെയും മുന്‍ഭാര്യയുടെ പോസ്റ്റുകള്‍ പിന്തുടര്ന്ന് ഇയാളെ പോലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.
ഭാര്യ താനും റോളണ്ടും എവിടെയാണ് എന്ന് പോസ്റ്റിട്ടതിന് പിന്നാലെയാണ് മുങ്ങി നടക്കുകയായിരുന്ന മയക്കുമരുന്ന് മാഫിയാ തലവനെ അറസ്റ്റ് ചെയ്തത്. മെക്സിക്കോയിലെ മയക്കുമരുന്ന് കാര്‍ട്ടലുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന റൊണാള്‍ഡ് റോളണ്ട്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 900 മില്യണ്‍ ഡോളര്‍ വെളുപ്പിച്ചു. രണ്ട് വര്‍ഷമായി ഒളിവിലുമായിരുന്നു. ഭാര്യ ആന്‍ഡ്രേസ ഡി ലിമ അവര്‍ ഉച്ചഭക്ഷണം കഴിക്കുന്ന ലൊക്കേഷന്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതോടെയാണ് ഇയാള്‍ ബ്രസീല്‍ പോലീസിന്റെ പിടിയിലായത്.






