
അമ്പലപ്പുഴ: കൈനിറയെ സമ്മാനങ്ങളുമായി അച്ഛനെത്തുന്നതു കാത്തിരിക്കുകയാണു കുഞ്ഞു ഗോപീകൃഷ്ണന്. എന്നാല്‍ അങ്ങകലെ സൗദിയിലെ ആശുപത്രിയില്‍ അച്ഛന് മരണത്തോടു മല്ലിടുകയാണെന്ന് അവനറിയില്ലല്ലോ. പുറക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കരൂര്‍ കുട്ടന്‍തറ വീട്ടില്‍ ശോഭയുടെ മകന് രഞ്ജുമോനാണ് (39) ക്യാന്‍സറിന്റെ പിടിയിലകപ്പെട്ട് സൗദിയിലെ ആശുപത്രിയില്‍ കഴിയുന്നത്.
രഞ്ജുമോനെ നാട്ടിലെത്തിക്കണമെങ്കില്‍ 18 ലക്ഷം രൂപ വേണം. ഇൗ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബവും നാടും. നാട്ടില്‍ ഡ്രൈവറായിരുന്ന രഞ്ജുമോന്‍ വായില്‍ ക്യാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലക്ഷങ്ങള്‍ ചികിത്സയ്ക്കു ചെലവായതോടെ കടം വീട്ടാനാണ് ഏഴുമാസം മുന്‍പ് സൗദിയില്‍ പോയത്.
അവിടെയും ഡ്രൈവറായായിരുന്നു രഞ്ജുമോന്‍. ഒരു മാസം മുന്‍പ് രോഗം മൂര്‍ച്ഛിച്ചതോടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായി. വിദഗ്ധ ചികിത്സയ്ക്കായി ജന്മനാട്ടിലെത്തിക്കണമെങ്കില് 18 ലക്ഷം രൂപ കണ്ടെത്തണം. ആയിരം കിലോമീറ്റര്‍ സഞ്ചരിച്ചേ ആശുപത്രിയില്‍നിന്ന് വിമാനത്താവളത്തില്‍ എത്തിക്കാന്‍ കഴിയൂ. അവിടെനിന്ന് എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിക്കാന്‍ ഡോക്ടര്‍, നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം അനിവാര്യമാണ്.
മാതാവ് ശോഭയും ഭാര്യ ലിന്റാ തോമസും സഹോദരനുമാണ് രഞ്ജുമോന്റെ വീട്ടിലുള്ളത്. രഞ്ജുമോനെ സഹായിക്കാന്‍ സന്മനസുള്ളവര്ക്ക് ലിന്റാ തോമസിന്റെ പേരില്‍ കാനറാ ബാങ്ക് അമ്പലപ്പുഴ ശാഖയിലുള്ള 110187774300 നമ്പര്‍ അക്കൗണ്ടില്‍ സഹായം നല്‍കാം. ഐ.എഫ്.എസ്.സി. കോഡ്: സി.എന്‍.ആര്.ബി 0003266. ഫോണ്‍: 9947157236.






