
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അമേരിക്കയിലെ ജാക്സണ്‍വില്ലില്‍ അധികമാരുടെയും ശ്രദ്ധയില്‍ പെടാതെ ഒളിഞ്ഞുകിടക്കുന്ന ഒരു ശവകുടീരമാണ് ആളുകളുടെ ശ്രദ്ധതിരിച്ചിരിക്കുന്നത്. ചരിത്രത്താളുകളില്‍ ഏറെ പ്രാധാന്യമുള്ള ഈ ശവകുടീരത്തിന് പിന്നില്‍ ഒരു വലിയ കഥയുണ്ട്.
1908 -ല്‍ ഒരു സ്ത്രീയെ സംരക്ഷിക്കുന്നതിനായി മരിച്ച തോംസണ്‍ വില്യംസ് എന്ന പുരുഷന്റെ ശവകുടീരം ആണിത്. എമ്മറ്റ് റീഡ് പാര്‍ക്കിനും ടെന്നീസ് കോര്‍ട്ടിനും അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു നടപ്പാതയുടെ നടുവിലാണ് ഈ ശവകുടീരം ഉള്ളത്. ഒരു ആക്രമണകാരിയില്‍ നിന്ന് ഒരു സ്ത്രീയെ സംരക്ഷിക്കുന്നതിനിടയിലാണ് ആ മനുഷ്യന് വെടിയേറ്റ് മരിച്ചത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുന്ന കാലത്ത് ഈ സ്ഥലം നഗരത്തിലെ കറുത്തവര്‍ഗ്ഗക്കാര്‍ക്കായി സമര്‍പ്പിച്ച മൗണ്ട് ഹെര്‍മന്‍ സെമിത്തേരി ആയിരുന്നു. എന്നാല്‍, പിന്നീട് 1953 ആയപ്പോഴേക്കും സെമിത്തേരി ഒരു പാര്‍ക്കാക്കി മാറ്റി. പക്ഷേ, വില്യംസിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ അവിടെ നിന്നും നീക്കം ചെയ്തില്ല, അത് ഇപ്പോഴും ഇവിടെ തുടരുന്നു.
ഈ അസാധാരണമായ സ്ഥലം ജാക്സണ്വില്ലിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് ചരിത്രകാരനായ എനിസ് ഡേവിസ് പങ്കുവെക്കുന്നത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ശിലാഫലകത്തില്‍ ഇത് വ്യക്തമാക്കുന്ന വരികളും ഉണ്ട്. അത് ഇങ്ങനെയാണ്, 'ഒരു വെള്ളക്കാരിയുടെ മാനവും ജീവനും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ മുറിവുകളില്‍ നിന്ന് 1908 ഒക്ടോബര്‍ 28 -ന് മരണമടഞ്ഞ നീഗ്രോക്കാരനായ തോംസണ്‍ വില്യംസിനെ ഇവിടെ അടക്കം ചെയ്തിരിക്കുന്നു.'
എന്നിസ് ഡേവിസിന്റെ അഭിപ്രായത്തില്‍, ലാവില്ലയിലെ ആദ്യത്തെ മേയറായിരുന്ന ഫ്രാന്‍സിസ് എല്‍ എന്‍ഗിള്‍ കുടുംബത്തിലെ ഒരു അംഗമാണ് 1940 -കളില്‍ യഥാര്‍ത്ഥ സെമിത്തേരി നഗരത്തിന് സംഭാവന നല്‍കിയത്. വില്യംസിനെ കൂടാതെ ഫാഗിന് കുടുംബാംഗങ്ങളെയും ഇവിടെയാണ് സംസ്കരിച്ചിരിക്കുന്നത്.






