
കഴിഞ്ഞ കുറെ നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമാകുന്നത് ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഇളയമകന് ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങളാണ്. ആനന്ദിന്റെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹാഘോഷങ്ങള്‍ തുടങ്ങിയിട്ട് മാസങ്ങളായി. പ്രീ വെഡ്ഡിംഗ് ചടങ്ങുകളായിരുന്നു ഇതു വരെ നടന്നിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ ഗംഭീര വിവാഹം പതിനാറായിരത്തോളം അതിഥികളെ ഉള്‍ക്കൊള്ളിക്കാവുന്ന മുംബൈ ജിയോ വേള്‍ഡ് കണ്വെൻഷൻ സെന്ററില്‍ നടന്നത്. മൂന്ന് ദിവസത്തെ ചടങ്ങുകളോടെയാണ് വിവാഹാഘോഷം ഒരുക്കിയത്. വെള്ളിയാഴ്ച്ച വിവാഹിതരായ ആനന്ദിന്റേയും രാധികയുടേയും ശുഭ് ആശിർവാദ് ചടങ്ങ് നടന്നത് ശനിയാഴ്ച്ചയായിരുന്നു. ഞായറാഴ്ച്ച റിസപ്ഷനായ മംഗള്‍ ഉത്സവും നടന്നു. സിനിമ, രാഷ്ട്രീയ, ബിസിനസ് രംഗത്തെ നിരവധി പേര് ഒത്തുകൂടിയ ഈ ചടങ്ങ് വളരെ ആര്‍ഭാടമായിട്ടാണ് നടന്നത്. ഇവർക്കെല്ലാമായി കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ആനന്ദ് സമ്മാനമായി നല്‍കിയത്.
ഇപ്പോഴിതാ ആനന്ദ് അംബാനി തന്റെ ഉറ്റ സുഹൃത്തുക്കള്‍ക്ക് നല്കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സ്വിറ്റ്സർലൻഡിലെ ആഡംബര വാച്ച് നിർമാതാക്കളായ ഓഡെമാ പീഗ്വെയുടെ രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് ഷാരൂഖ് ഖാൻ, രണ്‍വീർ സിങ്ങ്, മീസാൻ ജഫ്രി, ശിഖർ പഹാരിയ, വീർ പഹാരിയ എന്നിവരുള്‍പ്പെടെ പത്ത് പേർക്കാണ് ആനന്ദ് അംബാനി നല്‍കിയത്. ആനന്ദ് നല്കിയ ലിമിറ്റഡ് എഡിഷനായ ഈ വാച്ച് ധരിച്ച് എല്ലാവരും ഒരുമിച്ച് നില്ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഉറ്റ സുഹൃത്തുക്കൾക്ക് ആനന്ദ് നല്കിയ ഈ വാച്ച് 8K ഗോൾഡ് ഔഡെമർസ് പിഗ്വെറ്റ് റോയൽ ഓക്ക് പെർപെച്വൽ കലണ്ടർ ‘പ്രീമിയർ’ പതിപ്പാണ്. 41 എംഎം 18കെ പിങ്ക് ഗോള്‍ഡ് കെയ്സും സഫയർ ക്രിസ്റ്റല്‍ ബാക്കുമുള്ള ഈ വാച്ചിന് സ്ക്രൂ ലോക്ക്ഡ് ക്രൗണാണുള്ളത്. പിങ്കും ഗോള്‍ഡും നിറങ്ങള്‍ ചേർന്ന ഡയലിനൊപ്പം നീല കൗണ്ടേഴ്സുമുണ്ട്. വർഷങ്ങളോളും ഉപയോഗിക്കാവുന്ന ഒരു കലണ്ടറും ഇതിനുള്ളിലുണ്ട്. 40 മണിക്കൂറോളം പവർ റിസേർവുള്ള വാച്ചിനൊപ്പം 18കെ പിങ്ക് ഗോള്‍ഡ് ബ്രെയ്സ്ലെറ്റും ഫോള്‍ഡിങ് ബക്ക്ളും നീല നിറത്തിലുള്ള ഒരു എക്സ്ട്രാ സ്ട്രാപ്പുമുണ്ട്.
ബോളിവുഡിലെ മുൻനിര താരങ്ങളായ ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും സല്മാൻ ഖാനുമെല്ലാം കുടുംബസമേതം വിവാഹത്തിനെത്തി. പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും രണ്‍വീർ സിങ്ങും ദീപിക പദുക്കോണും കത്രീന കൈഫും വിക്കി കൗശലും കൃതി സനോണും ജാൻവി കപൂറും അനന്യ പാണ്ഡെയും സാറ അലി ഖാനും ജോണ്‍ സിനയും കർദാഷിയാൻസ് സഹോദരിമാരുമടക്കം പ്രമുഖരായ നിരവധി പേര് ചടങ്ങിലുണ്ടായിരുന്നു.






