
പാലക്കാട് : അതിശക്തമായ മഴയില്‍ വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട്ടില്‍ കൊടക്കുന്ന് വീട്ടില്‍ സുലോചന(53), മകന് രഞ്ജിത്(32) എന്നിവരാണ് മരിച്ചത്. വീടിന്റെ ചുവര് ഇടിഞ്ഞുവീണായിരുന്നു ദുരന്തം. ഇന്ന് പുലര്‍ച്ചെയോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. വടക്കഞ്ചേരി ഫയര്‍ഫോഴ്സ് യൂണിറ്റും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴയായിരുന്നു. ഇതേ തുടര്‍ന്ന് വീടിന്റെ പിന്‍ഭാഗത്തെ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. ഇവരുടെ മീതേയ്ക്കായിരുന്നു ചുവരിടിഞ്ഞത്. അതേസമയം അപകടവിവരം ആരും അറിഞ്ഞിരുന്നില്ല. രാവിലെ വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ആലത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യബസ് കണ്ടക്ടറായ മകന് രഞ്ജിത്തും കിടപ്പുരോഗിയായ മാതാവ് സുലോചനയും ഇവര്‍ താമസിച്ചിരുന്ന ഒറ്റമുറി വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. വീടു മാറാനിരിക്കെയാണ് അപകടം.
അട്ടപ്പാടിയില്‍. മരം വീണ് വീട് തകര്‍ന്നു. അട്ടപ്പാടി ചോലക്കാട് സ്വദേശിനി ലീലാമ്മയുടെ വീടാണ് തകര്‍ന്നത്. അതിനിടയില്‍ ആലത്തൂര്‍ പത്തനാപുരത്തെ താല്കാലിക നടപ്പാലം ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് പ്രദേശത്തെ 1500 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. നേരത്തെ പാലത്തിന്റെ ഒരു വശം തകര്‍ന്ന് വീണിരുന്നു. പത്തനാപുരം സ്വദേശികള്‍ക്ക് ഗായത്രിപുഴ കടക്കാനള്ള ആകെ ആശ്രയമായിരുന്നു ഈ പാലം.






