
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി- നിത അംബാനിയുടെ ഇളയമകന് ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. പ്രശസ്തരായ ഒട്ടുമിക്ക ആളുകളും ഈ വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. വിശിഷ്ടമായ ഭക്ഷണ സാധനങ്ങളും ദിവസങ്ങളോളം നീണ്ടുനിന്ന ആഘോഷങ്ങള്‍ കൊണ്ടും വിവാഹം ശ്രദ്ധ നേടി. പ്രശസ്ത ഗായിക ശ്രേയ ഘോഷാലും എ.ആർ റഹ്മാനും നയിച്ച സംഗീതവിരുന്നും വിവാഹത്തോടൊപ്പം ഉണ്ടായിരുന്നു. ആനന്ദ്- രാധിക മെര്‍ച്ചന്റ് വിവാഹത്തിന് എ.ആർ റഹ്മാൻ സംഗീത സംവിധാനം ചെയ്ത വിവിധ ഗാനങ്ങള്‍ ആലപിച്ച ശ്രേയ ഘോഷാലിന്റെ സംഗീതവിരുന്നും ഒരു പ്രത്യേക ആകര്‍ഷണമായിരുന്നു.
സംഗീതവിരുന്നില്‍ ശ്രേയ പാടിയതില്‍ പ്രധാനപ്പെട്ട ഒരു ഗാനം ഗായിക ചിത്ര ആലപിച്ച ഗാനമായിരുന്നു. 1995ല്‍ മണിരത്നം സംവിധാനം ചെയ്ത ബോംബെ എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ശ്രേയ ആലപിച്ചത്. കെ.എസ് ചിത്ര പാടിയ ‘കണ്ണാളനേ’ എന്ന പ്രശസ്ത ഗാനത്തിന്റെ ഹിന്ദി പതിപ്പായ ‘കെഹനാഹെ ക്യാ’ എന്ന ഗാനമാണ് ശ്രേയ ഘോഷാല്‍ പാടിയത്.
ഇപ്പോഴിതാ ആ പാട്ട് പാടും മുമ്പ് ശ്രേയ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. “ ചിത്രാജിയ്ക്ക് എന്റെ പ്രണാമം. ഈ ഗാനം യഥാര്‍ത്ഥത്തില്‍ പാടിയത് ചിത്രാജിയാണ്. ചിത്രാജിയോട് എനിക്ക് കടുത്ത ആരാധനയാണ്. ഈ പരിപാടിയുടെ വീഡിയോ തീർച്ചയായും പുറത്തെത്തുമ്പോള്‍ ഈ ഗാനത്തിന്റെ വീഡിയോ ചിത്രാ ജി കാണുമെന്ന് പ്രതീക്ഷിക്കുന്നു. കാണാനിടയായാല്‍ ചിത്രാജി എന്റെ പ്രണാമം കേള്‍ക്കുമെന്ന് ആശിക്കുന്നു...’’ എന്നാണ് ശ്രേയ പറഞ്ഞത്. ഗായികയുടെ എളിമയും വിനയവുമാണ് ഈ വീഡിയോയില്‍ പ്രകടമാകുന്നത് എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിക്കുന്ന കമന്റുകള്‍.
മണിരത്നത്തിന്റെ ബോംബെ എന്ന സിനിമയിലെ ‘കണ്ണാളനേ...’ എന്ന പാട്ടാണ് ശ്രേയ പാടിയത്. ഈ ഗാനം തമിഴ് പതിപ്പിലും ഹിന്ദി പതിപ്പിലും ചിത്രയാണ് പാടിയിരിക്കുന്നത്.
തനിമ ചോരാതെ ഈ റഹ്മാന് ഗാനം ശ്രേയ ഘോഷാല്‍ പാടിയത് ഗായിക തന്നെ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു. ഇത് വൈറലാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ വീഡിയോ വൈറലായി മാറി. എ.ആര്.റഹ്മാനും ശ്രേയ ഘോഷാലും ആണ് അനന്ത് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തിന് സംഗീതപരിപാടി അവതരിപ്പിച്ചത്. ഈ ഗാനത്തിന്റെ ഹമ്മിംഗ് എ ആര് റഹ്മാനും മൂളിയിട്ടുണ്ട്.






