
തിരുവനന്തപുരം : ആമയിഴഞ്ചാന്‍ തോട്ടിലെ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ജീവന് നഷ്ടമായ ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ വീടുവെച്ച് നല്‍കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്. നേരത്തെ പത്തുലക്ഷം രൂപയുടെ ധനസഹായം സംസ്ഥാന സർക്കാർ ജോയിയുടെ കുടുംബത്തിന് കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാടിനെ നടുക്കിയ സംഭവമാണ് കഴിഞ്ഞദിവസം നടന്നത്.
നഗരസഭയ്ക്ക് പുറത്താണ് ജോയിയുടെ കുടുംബം താമസിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ പ്രത്യേക അനുമതി സ്വീകരിച്ചുകൊണ്ട് ജോയിയുടെ അമ്മയ്ക്ക് വീടുവെച്ച് നൽകും. വരുന്ന ദിവസം നഗരസഭാ കൗൺസിൽ ഔദ്യോഗികമായി തീരുമാനം അംഗീകരിച്ച് സർക്കാറിനെ അറിയിക്കും. വീടിന് സ്ഥലം കണ്ടെത്തുന്നതിനായുള്ള എല്ലാ സഹായവും സ്ഥലം എംഎൽഎ സി.കെ ഹരീന്ദ്രനും പഞ്ചായത്തും നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി.
അതേ സമയം പൊതു സ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിയരുന്നത് എന്ന് പറയുന്ന അതേ സമയത്ത് റെയിൽവേ മാലിന്യ സംസ്കരണത്തിന് എന്ത് മാർഗ്ഗം സ്വീകരിക്കുന്നു എന്നുള്ളത് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും മേയർ ചൂണ്ടിക്കാട്ടി. സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യമുള്ളവരാണ്. നഗരസഭ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. സർക്കാരും ഒപ്പമുണ്ട്. അപകടമുണ്ടായപ്പോൾ പോലും രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ നോക്കിയവരാണ്. അവരാണ് സമരം ചെയ്യുന്നതെന്നും മേയർ ചൂണ്ടിക്കാട്ടി.






