
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണകാരണം ആത്മഹത്യയാണെന്ന് ഡല്‍ഹി എയിംസിന്റെ റിപ്പോര്‍ട്ട്. മരണകാരണത്തില്‍ വ്യക്തത വരുത്താന്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ എയിംസില്‍ നിന്നു തേടിയ വിദഗ്ധോപദേശം അനുസരിച്ചുള്ളതാണു വിവരം. ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്നാണു സിദ്ധാര്ഥന് മരിച്ചതെന്നാണ് പ്രാഥമികാനേ്വഷണത്തില് സി.ബി.ഐ. കണ്ടെത്തിയിരുന്നത്. എന്നാല്‍ തുടര്‍ന്നുള്ള അനേ്വഷണത്തില്‍ ആള്‍ക്കൂട്ട മര്‍ദനത്തിന്റെ തെളിവൊന്നും സി.ബി.ഐക്കു ലഭിച്ചില്ല.
ഇതേത്തുടര്‍ന്നാണ് എയിംസിന്റെ വിദഗ്ധോപദേശം തേടിയത്. ആത്മഹത്യയാണോ കൊലപാതകമാണോ വിദ്യാര്‍ഥിയുടെ മരണകാരണമെന്നതില്‍ വ്യക്തത വരുത്താനായിരുന്നു ഇത്. പോസ്റ്റ്മോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകളാണു അധികൃതര്‍ എയിംസിലേക്ക് അയച്ചത്. എയിംസിന്റെ റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നു റിപ്പോര്‍ട്ട് വന്നതോടെ ഇനി കോടതിയാണു തുടരനേ്വഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. കേസിലെ പ്രാഥമിക കുറ്റപത്രം സി.ബി.ഐ. നേരത്തെ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. റാഗിങ്, ആത്മഹത്യാപ്രേരണ, മര്‍ദനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 18 നാണ് കോളജ് ഹോസ്റ്റലില്‍ സിദ്ധാര്‍ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 16 മുതല്‍ സഹപാഠികളടക്കമുള്ളവര്‍ നിരന്തരമായി മര്‍ദിച്ചതിനെത്തുടര്‍ന്നു സിദ്ധാര്ഥന് ജീവനൊടുക്കിയെന്നായിരുന്നു ആരോപണം. ലെതര്‍ ബെല്‍റ്റ്, ഗ്ലൂ ഗണ്ണിന്റെ കേബിള്‍, വയര്‍ തുടങ്ങിയവ ഉപയോഗിച്ചു സിദ്ധാര്‍ഥനെ മര്‍ദിച്ചെന്നും വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറിയെന്നാരോപിച്ചു കുറ്റവിചാരണ നടത്തിയെന്നും അടിവസ്ത്രം മാത്രം ധരിപ്പിച്ചായിരുന്നു മര്‍ദനമെന്നും പ്രഥമിക കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.






