
ബംഗലുരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അര്‍ജുനുവേണ്ടി തിരച്ചില്‍ തുടരുന്നു. അഞ്ചാംദിനവും മണ്ണുമാറ്റി എത്രയും വേഗം ലോറി കണ്ടെത്താനും അര്‍ജുന്റെ അരികിലേക്ക് എത്താനുമാണ് ശ്രമം. രക്ഷാപ്രവര്‍ത്തനത്തിന് റഡാര്‍ സംവിധാനം എത്തിച്ചിട്ടുണ്ട്. എന്‍ ഡി ആര് എഫിന്റെ രണ്ട് ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയായി മാറുന്നത്.
വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ ആണ് അപകടം നടന്ന സ്ഥലത്തേക്ക് കൊണ്ടുവരിക. ലോറിയുള്ള സ്ഥലം ഈ റഡാര്‍ വഴി കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നീ സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്. കൂടുതല്‍ യന്ത്രസംവിധാനം എത്തിച്ചുള്ള പരിശോധന ആലോചിക്കുന്നുണ്ട്്.
മണ്ണിടിഞ്ഞ കരയിലും പുഴയിലും തെരച്ചില്‍ നടത്തും. സൂറത്കല്ലില്‍ നിന്നുള്ള എന്‍ഐടി സംഘവും തെരച്ചിലിനെത്തും. നേവിയും ഫയര്‍ഫോഴ്സും തിരച്ചിലില്‍ സഹായിക്കും. ഉത്തരകന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി മംഗള്‍ വൈദ്യയും സ്ഥലത്തെത്തും. 100 മീറ്ററോളമെങ്കിലും മണ്ണു മാറ്റേണ്ടി വരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ആറു മീറ്റര്‍ മണ്ണെങ്കിലും ലോറിക്ക് മുകളില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
അഞ്ച് ദിവസമായിട്ട് ഇന്നലെ ഉച്ചയ്ക്ക് ശേഷം മാത്രമാണ് കാര്യക്ഷമമായ രക്ഷാപ്രവര്ത്തനമുണ്ടായതെന്നാണ് അര്‍ജുന്റെ കുടുംബം ആരോപിക്കുന്നത്. ഇക്കഴിഞ്ഞ 16ന് രാവിലെ ബെലെഗാവിയില്‍ നിന്ന് മരം കയറ്റി വരികെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്. തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ് അര്ജുന്.
ഈ മാസം എട്ടിനാണ് അര്ജുന് കര്‍ണാടകയിലേക്ക് പോയത്. വാഹനത്തിന്റെ ജിപിഎസ് സിഗ്നല്‍ അവസാനമായി ലഭിച്ചത് മണ്ണിടിച്ചില്‍ നടന്നയിടത്താണ്. മണ്ണിനടിയില്‍ ലോറിയും അര്‍ജുനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.






