
ഹൈദരാബാദ്: മലമുകളില്‍ താമസിക്കുന്ന ആദിവാസി ഗോത്ര സമൂഹത്തിന് മരുന്നും മറ്റു ആരോഗ്യപരിപാലന വസ്തുക്കും എത്തിക്കാന്‍ വേണ്ടി തെലുങ്കാനയിലെ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ നടന്നത് 16 കിലോമീറ്റര്‍. ചോലകളും കയറ്റിറക്കങ്ങളും കുന്നും മലയും താണ്ടിയായിരുന്നു യാത്ര. തെലുങ്കാനയിലെ മുലുഗു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അല്ലെം അപ്പയ്യയും സംഘവുമാണ് 11 ഗോത്രകുടുംബങ്ങള്ക്കുള്ള സാധനങ്ങളുമായി അഞ്ചുമണിക്കൂര്‍ നടന്ന് ഇവരുടെ ഊരില്‍ ചെന്നത്.
ആന്ധ്രയിലെ ഗുതി കോയ ആദിവാസി സമൂഹത്തിലെ കുടുംബങ്ങളെ തേടിയായിരുന്നു യാത്ര. വാഹനങ്ങളും മറ്റും ഇവിടെ എത്തിച്ചേരാത്ത സാഹചര്യത്തിലാണ് അപ്പിയ്യയുടെ നേതൃത്വത്തില്‍ ആറംഗ ഉദ്യോഗസ്ഥ സംഘം പെനുഗോലു ഗ്രാമത്തിലേക്ക് എത്തിയത്. മരുന്നുകള്‍, കൊതുകുവലയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊടുക്കന്‍ വേണ്ടി മാത്രമായിരുന്നില്ല യാത്ര. ഇവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് പഠിക്കാനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും കൂടി വേണ്ടിയായിരുന്നു. ജൂലൈ 16 ന് ഇവിടെ എത്തിയ അപ്പയ്യ പെനുഗോലു ഗ്രാമത്തിലെ ആള്ക്കാര് കൂട്ടംകൂടി പാര്‍ക്കുന്ന താന്‍ഡയില്‍ ഉറങ്ങുകയും ചെയ്തു. വളരെ ദുരിതത്തിലാണ് ഇവിടെ കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്.
മഴക്കാലത്ത് ഇവിടെയെത്തി മരുന്നും മറ്റു സൗകര്യങ്ങളും ഗ്രാമീണര്‍ക്ക് എത്തിക്കുന്ന കാര്യവും ബുദ്ധിമുട്ടേറിയതാണ്. 39 പേര് ഒരുമിച്ച് താമസിക്കുന്ന പ്രത്യേക സെറ്റില്‍മെന്റാണ് താന്ഡ. ഇതില്‍ രണ്ടുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ വരെയുണ്ട്. 151 കുടുംബങ്ങളായിരുന്നു ഗ്രാമത്തില്‍ താമസിച്ചിരുന്നത്. കാലക്രമേണ 140 കുടുംബങ്ങള്‍ ഇവിടെ നിന്നും മാറി. ബാക്കി വന്നവരാണ് ഈ 11 കുടുംബങ്ങള്‍. എന്നാല്‍ റോഡിനരികില്‍ കൃഷി ചെയ്യാന്‍ പാകത്തിന് വീടുകള്‍ കിട്ടിയാല്‍ ഇവിടേയ്ക്ക് മാറാമെന്ന് ഇവരും സമ്മതിച്ചിരിക്കുകയാണ്.
ഇവിടെ പതിവായി മരുന്നും മറ്റുകാര്യങ്ങളും എത്തിച്ചിരുന്നത് ഹെല്‍ത്ത് അസിസ്റ്റന്റ് ചിന്ന വെങ്കിടേഷാണ്. ഇത്തവണ നാട്ടുകാരുടെ ദുരിതം മനസ്സിലാക്കാനാണ് അപ്പയ്യയും കൂടെ പോയത്. ജൂലൈ 16 ന് അപ്പിയ്യയും സംഘവും 16 കിലോമീറ്റര്‍ നടപ്പ് ആരംഭിച്ചു. ഇവിടെ മൊബൈല്‍ സിഗ്നല്‍ പോലും കിട്ടാന്‍ പ്രയാസമാണ്. താന്‍ ഗുതികോയ കുടുംബങ്ങളോട് മലമുകളില്‍ നിന്നും നിരപ്പിലേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതില്‍ താല്‍പ്പര്യം കാട്ടിയില്ലെന്നും പറഞ്ഞു.
മൂന്ന് സ്ഥലത്ത് കാഞ്ചരാ തോട് നീന്തിയായിരുന്നു അപ്പിയ്യയും സംഘവും താന്ഡായില് എത്തിയത്. ഈ അരുവി ഭോഗാത്താ വെള്ളച്ചാട്ടത്തിലേക്കാണ് എത്തുന്നത്. ഈ യാത്രയില്‍ മൂന്ന് കുന്നുകളാണ് അപ്പിയ്യയും സംഘവും നീന്തിക്കടന്നത്. അപ്പിയ്യയ്ക്കൊപ്പം മറ്റു ആറ് പേര് കൂടി ഉണ്ടായിരുന്നു. അപ്പിയ്യയുടെ പ്രതിബദ്ധതയെ അഭിനന്ദിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ദാമോദര്‍ രാജാ നരസംഹവും രംഗത്ത് വന്നു.






