
ഇന്ന് ഭൂരിഭാഗം ആളുകളും ശരീരം ഫിറ്റ് ആയിട്ടിരിക്കണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാല്‍ പല ഘട്ടത്തിലും ഫിറ്റ്നസ് നോക്കാനോ അതിന് വേണ്ടി സമയം കണ്ടെത്താനോ ആളുകള്‍ക്ക് കഴിയാറില്ല. എന്നാല്‍ ഇങ്ങനെയുള്ളവര്‍ക്ക് പ്രചോദനമാകുകയാണ് ഇവിടെ ഒരു മുത്തശ്ശി.
ഒരു മുത്തശ്ശിയും അവരുടെ കൊച്ച് മകനും തമ്മില്‍ മസില്പെരുപ്പിക്കുന്ന ഒരു വീഡിയോയാണ് നെറ്റീസണ്‍സിന്റെ മനംകവര്ന്നിരിക്കുന്നത്.
@gym_lovers018 എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ആദ്യം മുത്തശ്ശി മാത്രം തന്റെ മുഷ്ടി ചുരുട്ടി കൈ മടക്കി മസില് പെരുപ്പിച്ച് കാണിക്കുന്നു. പിന്നാലെ കൊച്ചുമകനും തന്റെ മസില് പെരുപ്പിക്കുന്നു, പക്ഷേ വിട്ടുകൊടുക്കാന്‍ മുത്തശ്ശി തയ്യാറായിരുന്നില്ല. മുത്തശ്ശി തന്റെ കരുത്ത് മുഴുവനും പുറത്തെടുത്ത് വളരെ പതുക്കെ വീണ്ടും തന്റെ മസിലുകള്‍ പെരുപ്പിക്കുകയും പിന്നെ കൈ പൂര്‍വ്വ സ്ഥിതിയിലാക്കി ശ്വാസം വിടുകയും ചെയ്യുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. പിന്നാലെ മുത്തശ്ശി ഒരു ചെറു ചിരിയോടെ ക്യാമറയിലേക്ക് നോക്കുന്നു.
ആത്മവിശ്വാസത്തോട് കൂടിയുള്ള മുത്തശ്ശിയുടെ പ്രവര്‍ത്തി കാഴ്ചക്കാരെ അമ്പരപ്പിച്ചെന്ന് വീഡിയോയ്ക്ക് താഴെയുള്ള കുറിപ്പുകളില്‍ നിന്ന് വ്യക്തം. വീഡിയോ കണ്ടവരെല്ലാം മുത്തശ്ശിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. ഒമ്പത് ലക്ഷത്തിന് മേലെ കാഴ്ചക്കാര്‍ ലൈക്ക് ചെയ്ത വീഡിയോ ഇതിനകം ഒരു കോടി പന്ത്രണ്ട് ലക്ഷം പേരാണ് കണ്ടത്. ഓരോ കമന്റിനും ആയിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. 'ദാദി ഓണ്‍ ഫയര്‍' എന്ന കമന്റിന് മാത്രം ഇരുപത്തിരണ്ടായിരം പേര് ലൈക്ക് ചെയ്തു. നിരവധി കാഴ്ചക്കാര്‍ മുത്തശ്ശിയെ 'ബോഡിബില്‍ഡര്‍' എന്ന് വിശേഷിപ്പിച്ചു.






