
ബംഗലുരു: ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട തിരച്ചിലില്‍ ഡ്രോണ്‍ പരിശോധനയില്‍ നിര്‍ണ്ണായക സിഗ്നല്‍ ലഭിച്ചു. ലോഹസാന്നിദ്ധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഐബോഡ് പരിശോധനയിലാണ് ഈ വിവരമുള്ളത്. വെള്ളത്തിനടിയിലെ ലോഹസാന്നിദ്ധ്യം മൂന്നാംഘട്ട ഡ്രോണ്‍ പരിശോധനയിലാണ് കണ്ടെത്തിയത്. അതേസമയം ട്രക്കിന്റെ ക്യാബിന് എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല.
ക്യാബിന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അതിനിടയില്‍ അര്‍ജുന്റെ ലോറിയില്‍ നിന്നും അഴിഞ്ഞുപോയെന്നു കരുതുന്ന തടി കണ്ടെത്തി. ലോറിയുണ്ടെന്ന് സിഗ്നല്‍ കിട്ടിയ സ്ഥലത്ത് നിന്നും എട്ടു കിലോമീറ്റര്‍ ദൂരെ നിന്നും പിഎ 1 എന്ന് മാര്‍ക്ക് ചെയ്ത തടിയാണ് കിട്ടിയത്. തടി ലോറിയുടമകള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് പ്രദേശത്തെ മലയാളികളാണ് തടിയുടെ വിവരമറിയിച്ചത്. ഏറെ നിര്‍ണ്ണായകമായ ഈ വിവരം കര്‍ണാടകാ പോലീസിന് കൈമാറും. അതേസമയം രക്ഷാദൗത്യത്തില്‍ അനിശ്ചിതത്വവും തുടരുകയാണ്.
ശക്തമായ ഒഴുക്ക് കാരണം ഡീപ് ഡൈവ് സാധ്യമാകില്ലെന്ന് നേരത്തേ നേവി അറിയിച്ചു. ശക്തമായ ഒഴുക്കിന് പുറേേ വെള്ളം കലങ്ങിമറിഞ്ഞൊഴുകുന്നത് കാഴ്ച പ്രതിസന്ധിയും സൃഷ്ടിക്കുമെന്നാണ് ഇവരുടെ വാദം. പുഴയില്‍ ഇറങ്ങാനുള്ള സാധ്യത വീണ്ടും പരിശോധിക്കുകയാണ്. മുങ്ങല്‍ വിദഗ്ദര്‍ക്ക് താഴേയ്ക്ക് ഇറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഡ്രഡ്ജിംഗ് ഉള്‍പ്പെടെയുള്ള സാധ്യതകളും പരിശോധിക്കുന്നതായിട്ടാണ് വിവരം.






