
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് എന്നും പഴയ അഭിനേത്രികളെ കാണാനും അവരുടെ വിശേഷങ്ങള്‍ അറിയാനും വലിയ ആകാംക്ഷയാണ്. പഴയകാല നടിമാര്‍ക്ക് ഒരുപാട് അനുഭവങ്ങളും കടന്നു വന്ന വഴികളിലെ കഷ്ടപ്പാടുകളും പറയാറുണ്ടാകാറുണ്ട്. അക്കൂട്ടത്തില്‍ അന്നുമിന്നും വെള്ളിത്തിരയില്‍ സജീവമായി നിലനില്‍ക്കുന്ന രണ്ട് താരങ്ങളാണ് ശ്രീലതാ നമ്പൂതിരിയും മല്ലിക സുകുമാരനും. ഒരു കാലത്ത് മലയാള സിനിമയില്‍ നായിക വേഷങ്ങളില്‍ തിളങ്ങിയിരുന്ന താരങ്ങളാണ് ശ്രീലതയും മല്ലികയും.
കോമഡി വേഷങ്ങളിലടക്കം അക്കാലത്ത് ഇവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും അമ്മ വേഷങ്ങളില്‍ തിളങ്ങി നില്ക്കുന്ന താരങ്ങളാണ് ഇവരിരുവരും. സീരിയലുകളിലും സിനിമകളിലുമടക്കം സജീവമായി ഇവര്‍ ഇപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്.
ഇപ്പോഴിതാ മലയാള സിനിമാ ലോകം ചെന്നെെയില്‍ കേന്ദ്രീകരിച്ചിരുന്ന കാലത്തെ ഓർമകള്‍ പങ്കുവെക്കുകയാണ് മല്ലിക സുകുമാരനും ശ്രീലതാ നമ്പൂതിരിയും. ശ്രീലത നമ്പൂതിരി തനിക്ക് സ്വന്തം ചേച്ചിയെ പോലെയാണെന്നും വെറുതെ ചേച്ചിയെന്ന് വിളിക്കുകയല്ലയെന്നും പറയുകയാണ് മല്ലിക.
‘‘മദ്രാസില്‍ താമസിക്കുമ്പോള്‍ ഒരു ചേച്ചിയുണ്ടെങ്കില്‍ ഈ ചേച്ചിയാണ്. ഞങ്ങളെയൊന്നും പലർക്കും ഒറ്റയടിക്ക് കണ്ട് കൂട. കാരണം ഞങ്ങള്‍ ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞ് സ്നേഹിക്കാൻ മാത്രം അറിയാവുന്നവരാണ്. എനിക്ക് വണ്ടിയില്ലെങ്കില്‍ ചേച്ചി കാർ അയക്കും. ഞങ്ങളുടെ അവിടെ കറിയില്ലെങ്കില്‍ ചേച്ചിയുടെ മീൻ കറി വരും. ഹരിപ്പാട്ടുകാരാണ് ഞങ്ങള്‍ രണ്ട് പേരും. നാട്ടുകാരായത് കൊണ്ടല്ല. മനസിന്റെ സ്നേഹം കൊണ്ടാണ്.
ഒന്നുമില്ലാതെ മദ്രാസില്‍ ചെന്ന് നില്‍ക്കുമ്പോഴും. നമ്മുടെ ഉള്ളിലുള്ള ദുഖം എന്താണെന്ന് അറിഞ്ഞ് എന്റെ കൂടെ നിന്ന ചേച്ചിയാണ്. അഭിനയമില്ലാതെ ജീവിച്ച വ്യക്തികളാണ് ഞങ്ങള്‍. ജീവിതത്തില്‍ അഭിനയിക്കാൻ അറിയില്ല. സുഖിപ്പിക്കല്‍ വർത്തമാനമില്ല. അതുകൊണ്ടായിരിക്കും. വലിയ വിഷമങ്ങളൊന്നുമില്ലാതെ ഇത്രത്തോളം കൊണ്ട് പോകുന്നതെന്ന് ഞാന്‍ പൂർണമായും വിശ്വസിക്കുന്നു....’’ മല്ലിക സുകുമാരന്‍ പറയുന്നു.
അന്നത്തെ കാലത്തെക്കുറിച്ച് ശ്രീലത നമ്പൂതിരിയും തുറന്നു സംസാരിക്കുന്നുണ്ട്. ‘‘സാമ്പത്തികമായ പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും സന്തോഷമുണ്ടായിരുന്നു. എല്ലാ ആർട്ടിസ്റ്റുകളുമായും സൗഹൃദം. അന്നത്തെ സിനിമയിലുള്ളവർക്ക് കുറച്ച് വണ്ണമൊക്കെ വേണം. ആദ്യ കാലത്തെ സിനിമകളില്‍ ഞാൻ വളരെ മെലിഞ്ഞിട്ടായിരുന്നു. അപ്പോള്‍ മൂന്ന് നേരെ ചോറ് കഴിപ്പിക്കും. ഇപ്പോഴത്തെ എല്ലാവരെയും കുറിച്ചല്ല, പക്ഷെ ചില കുട്ടികളെ കാണുമ്പോള്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് സംശയം. ഇങ്ങനെ ഡയറ്റ് ചെയ്യുന്നത് വൃത്തികേടാണ്.
അന്ന് നായകനും നായികയും മാറി ഇരിക്കില്ല. അവരെല്ലാം ഞങ്ങളുടെ കൂടെയാണ്. ഞങ്ങള്‍ ചീട്ട് കളിക്കുമായിരുന്നു. അക്കാലത്ത് ഷൂട്ടിംഗില്‍ ഏറ്റവും കൂടുതല്‍ ഒരുങ്ങുന്നത് നായികമാരായ ജയഭാരതിയും ഷീലയുമാണ്. ജ്വല്ലറിയൊക്കെ കൊണ്ട് വരുമ്പോള്‍ നായികമാർ ഒരുപാട് സെലക്ട് ചെയ്ത് തലയില്‍ ഗോപുരം പോലെ വെക്കും. എല്ലാം കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് തരും.
ഷീലാമ്മ ഒരു റൂമിലായിരിക്കും ജയഭാരതി അപ്പുറത്തെ റൂമിലും. അപ്പുറത്ത് ജയഭാരതി എന്താണ് വെച്ച് കെട്ടിയതെന്ന് നോക്കാൻ ഷീലാമ്മ ഒപ്പമുള്ളവരോട് പറയും. ‘അമ്മ, അവർ പെരിയതെല്ലാം വെച്ചിരിക്കെ’ എന്ന് അവർ പറയും. ആണോ എന്നാല്‍ കുറച്ച് പോയി എടുത്തോണ്ട് വാ എന്ന് ഷീലാമ്മ പറയും....’’ ശ്രീല നമ്പൂതിരി ചെറിയ ചിരിയോടെ പറഞ്ഞു.
‘‘നായികമാർ പരമാവധി അതിന്റേതായ ഗെറ്റപ്പിലേ ഇറങ്ങി വരൂ. നമ്മളൊന്നും അങ്ങനത്തെ വേഷമല്ല ചെയ്തത്. പക്ഷെ ഇതെല്ലാം ഊരി വെച്ച് കഴിഞ്ഞാല്‍ എല്ലാവരും ഒരു കുടുംബത്തിലെ പോലെയേ പെരുമാറൂ...’’ മല്ലിക പറയുന്നു.






