
കൊല്ലം: തൃശൂരിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടിയോളം രൂപ തട്ടിപ്പു നടത്തി മുങ്ങിയെന്ന കേസില്‍ ജീവനക്കാരി പണം മാറ്റിയത് എട്ട് അക്കൗണ്ടുകളിലേക്കെന്ന് റിപ്പോര്‍ട്ട്. കൊല്ലം നെല്ലിമുക്ക് പൊന്നമ്മ വിഹാറില്‍ ധന്യാ മോഹന്‍ (40)കൊല്ലം ഇൗസ്റ്റ് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം കീഴടങ്ങി. ഇവരുടെ പേരില്‍ തന്നെ അഞ്ച് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.
ധന്യയുടേയും കുടുംബാംഗങ്ങളും സ്വത്ത് മരവിപ്പിക്കും. ഇവരുടെ നാലുവര്‍ഷത്തെ ഇടപാടുകള്‍ പരിശോധിച്ചുവരികയാണ്. ധന്യയ്ക്ക് കുഴല്പ്പണസംഘവുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് കുഴല്‍പ്പണം വഴിയും പണം കൈമാറിയതായി സംശയമുണ്ട്. തട്ടിപ്പില്‍ കൂടുതല്‍ പേര് ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ധന്യയുടെ പേരില്‍ അഞ്ച് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായും ഭര്‍ത്താവിന്റെയും പിതാവിന്റെയും അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായുമാണ് കണ്ടെത്തിയിരിക്കുന്നത്.
20 കോടി രൂപയുടെ തിരിമറിയാണ് കണ്ടെത്തിയിരിക്കുന്നത്. ധന്യയുടെ അക്കൗണ്ടും മരവിപ്പിക്കും. ആഡംബരജീവിതത്തിന് വേണ്ടിയാണ് ഇവര്‍ പണം ചെലവഴിച്ചിരുന്നതെന്നാണ് കരുതുന്നത്. പേരില്‍ ആറ് ആഡംബര കാറുകളുണ്ട്. ഓണ്‍ലൈന്‍ റമ്മികളിക്ക് വേണ്ടിയും കോടികള്‍ പൊടിച്ചതായി കണ്ടെത്തി. ധന്യ കീഴടങ്ങിയെങ്കിലും പിതാവും ഭര്‍ത്താവും ഒളിവിലാണ്. സി.ഐ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. വിവരമറിഞ്ഞ് തൃശൂരില്‍നിന്നുള്ള മൂന്നംഗ ഷാഡോ പോലീസ് സംഘം സ്റ്റേഷനിലെത്തി.
പ്രതിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു വൈദ്യ പരിശോധന നടത്തി കൊല്ലത്തെ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്ത തൃശൂര്‍ വലപ്പാട് പോലീസ് പ്രതിയെ ഏറ്റുവാങ്ങി തൃശൂരിലേക്ക് കൊണ്ടുപോയി. വലപ്പാട് പോലീസ് രണ്ടു ദിവസമായി കൊല്ലത്തു പ്രതിക്കു വേണ്ടിയുള്ള അനേ്വഷണത്തിലായിരുന്നു. കഴിഞ്ഞ 23-ന് വലപ്പാട്ടെ ധനകാര്യ സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. അന്ന് 80 ലക്ഷം രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത്.
പരിശോധന നടത്തിയ സമയം സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ധന്യ പിടിയിലാവുമെന്ന് മനസിലായതോടെ ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് അവിടെ നിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് 80 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്ന് സ്ഥാപനത്തിന്റെ ആപ്ലിക്കേഷന്‍ ഹെഡ് സുശീല്‍ നല്കിയ പരാതിയില്‍ വലപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പിന്നീട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി മനസിലായത്. 19.94 കോടി രൂപയുടെ തിരിമറിയാണ് നടന്നതെന്ന് ബോധ്യമായി. 2024 ഏപ്രിലില്‍ ധന്യ സ്വന്തം അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ മാറ്റിയതെന്നും പരാതിയില്‍ പറയുന്നു.






