
ഇടുക്കി: സിപിഐ നേതാവ് കെകെ ശിവരാമനെ എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി. ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഘടക കക്ഷികൾക്ക് ദോഷം ഉണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞു. മുന്നണി മര്യാദകൾ പാലിക്കാതെയുള്ള അഭിപ്രായങ്ങൾ കെ കെ ശിവരാമൻ നടത്തിയെന്നാണ് വിലയിരുത്തല്‍. പകരം ജില്ലാ സെക്രട്ടറി കെ സലിം കുമാർ എൽഡിഎഫ് കൺവീനറായേക്കും.
പാർട്ടിക്ക് ജില്ലാ കൺവീനർ സ്ഥാനം ഉള്ള മൂന്ന് ജില്ലകളിലും അതാത് ജില്ല സെക്രട്ടറിമാർ തന്നെ കൺവീനർ ആയാൽ മതിയെന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നാണ് സിപിഐ വിശദീകരണം. ശിവരാമന് പകരം ജില്ലാ സെക്രട്ടറി സലിം കുമാറിനായിരിക്കും എൽഡിഎഫ് ജില്ലാ കൺവീനറുടെ ചുമതല. എൽഡിഎഫിൽ നിന്ന് തന്നെ ഉയർന്ന പശ്ചാത്തലത്തിലാണ് കെകെ ശിവരാമനെതിരെയുള്ള പാർട്ടി നീക്കം.
അതേസമയം, തന്നെ നീക്കിയത് പാർട്ടിയുടെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണെന്ന് കെ കെ ശിവരാമൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എൽഡിഎഫ് കൺവീനർമാർ പാർട്ടി ജില്ലാ സെക്രട്ടറിമാർ ആയിരിക്കണമെന്ന് തീരുമാനമുണ്ട്. അതിൻറെ ഭാഗമായാണ് തന്നെ നീക്കിയതെന്നും ശിവരാമൻ പറഞ്ഞു.





