
വെള്ളച്ചാട്ടത്തില്‍ കളിക്കാന്‍ ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. വെള്ളത്തില്‍ കളിക്കാനും കൂട്ടുകാരുമൊത്ത് ഉല്ലസിക്കാനുമെല്ലാം ആളുകള്‍ വളരെയേറെ ഇഷ്ടപ്പെടുന്നു. ലോകത്തിന്റെ പല ഭാഗത്തും ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ ദിവസവും എത്തുന്ന ഒട്ടനവധി വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്. എത്ര മനോഹരമാണെങ്കിലും അപകടങ്ങള്‍ നിരവധി പതിയിരിക്കുന്നുണ്ടെങ്കിലും ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും ധാരാളം ആളുകള്‍ ഇഷ്ടപ്പെടാറുണ്ട്. എന്നാല്‍, ചില വ്യക്തികള്‍ ഇത്തരം സ്ഥലങ്ങളില്‍ എത്തിയാല്‍ അവരുടെ വിചിത്രമായ പെരുമാറ്റങ്ങള്‍ കൊണ്ട് മറ്റുള്ളവരെ ഞെട്ടിക്കാറുണ്ട്. ഇത്തരക്കാരുടെ 'സാഹസികം' എന്ന് വിശ്വസിച്ചു കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തികളെ വിഡ്ഢിത്തം എന്നല്ലാതെ മറ്റൊന്നും വിളിക്കാന്‍ ആവില്ലെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വീഡിയോ.
ഒരു വെള്ളച്ചാട്ടത്തില്‍ ധാരാളം ആളുകള്‍ വിശ്രമിക്കുകയും കുളിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. പെട്ടെന്ന്, ചുവന്ന ടി ഷര്‍ട്ട് ധരിച്ച ഒരു വ്യക്തി വെള്ളം ശക്തമായി ഒഴുകിയെത്തിയ ചെറിയ ഗുഹയിലേക്ക് ഇഴഞ്ഞു കയറുകയും പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഏറെനേരം കാത്തിരുന്നിട്ടും കാണാതെ വന്നതോടെ ചുറ്റും ഉണ്ടായിരുന്നവര്‍ പരിഭ്രാന്തരാകുന്നു. അവരില്‍ ഒരാള്‍ ഗുഹക്കുള്ളിലേക്ക് കൈകളിട്ട് അയാളെ പരതിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ അവിടെയുണ്ടായിരുന്നവര്‍ മുഴുവന്‍ എന്തു ചെയ്യണം എന്ന് അറിയാതെ ഭയചകിതരാകുന്നു. അല്പസമയം കൂടി നീണ്ടുനിന്ന ആശങ്കകള്‍ക്ക് ശേഷം ആ ഗുഹയില്‍ നിന്നും ഒന്നും സംഭവിക്കാത്ത മട്ടില്‍ ചുവന്ന ടീഷര്‍ട്ട് ധരിച്ച ആ മനുഷ്യന് പുറത്തേക്ക് വരികയും മുടി ചീകി ഒതുക്കി നടന്നു പോവുകയും ചെയ്യുന്നു.
ഇയാളുടെ പ്രവര്‍ത്തികള്‍ ആശ്ചര്യത്തോടെ ചുറ്റുമുള്ളവര്‍ നോക്കി നില്ക്കുന്നതും കാണാം. ഇതുവരെ 14 ദശലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു. മൂന്ന് ലക്ഷത്തി അമ്പത്തിയാറായിരത്തിലധികം പേര് വീഡിയോ ലൈക്ക് ചെയ്തു. നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതുവരെ 3,600-ലധികം കമന്റുകളും വീഡിയോയ്ക്ക് താഴെ കുറിക്കപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് എന്നാണ് വീഡിയോയ്ക്ക് താഴെ ഒരു ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത്. ഈ ഗുഹക്കുള്ളില്‍ 'ഒരാള്‍ക്ക് സുഖമായി ഇരിക്കാനും ശ്വസിക്കാനും കഴിയുമെന്നാണ് ഇയാള്‍ അഭിപ്രായപ്പെടുന്നത്.






