
വയനാട്ടില്‍ സംഭവിച്ച ദുരന്തത്തില്‍, ഒരു നാട് മുഴുവന്‍ തേങ്ങുകയാണിപ്പോള്. ഒന്നുറങ്ങി എഴുന്നേറ്റപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവരുടെ വേദന വാക്കുകളില്‍ ഒതുക്കാന്‍ സാധ്യമല്ല. ഈ വേളയില്‍ തന്നെ സ്പര്‍ശിച്ച ഏറ്റവും വലിയ വേദനയുടെ ആഴമാണ് ഈ ചിത്രം. 'കാലം മുറിവുണക്കുമെങ്കില്, എന്റേത് എന്തേ ഇന്നും ചോര പൊടിക്കുന്നു' എന്ന് ചോദിക്കുകയാണ് ഒരു മകള്‍, അച്ഛന്റെ മടിയില്‍ ഇരുന്ന്.
ആ അച്ഛന് രാജാ വെങ്കിടേഷ്, മകള്‍ സൗഭാഗ്യ. അച്ഛന് വിടവാങ്ങിയതിന്റെ ഏഴാം വാര്‍ഷിക ദിനത്തില്‍ സൗഭാഗ്യ അച്ഛന്റെ ഓര്‍മകളിലൂടെ ഒരു യാത്ര നടത്തുകയാണ്. ഓര്‍ക്കാപ്പുറത്ത് നഷ്ടമായ അച്ഛനെ തന്റെ കുട്ടിക്കാല ചിത്രം പങ്കിട്ടാണ് സൗഭാഗ്യ ഓര്‍ത്തത്.
ചിത്രത്തില്‍ കണ്ട കുട്ടിയായ സൗഭാഗ്യയുടെ അതേ പ്രായമുണ്ട് മകള്‍ സുദര്‍ശനയ്ക്ക് ഇന്ന്. അമ്മയുടെ മുഖച്ഛായയുണ്ട് മകള്‍ക്ക്. സൗഭാഗ്യയുടെ കുട്ടിക്കാല ചിത്രം കണ്ടവര്‍ പലരും ഈ സാദൃശ്യം എടുത്തു പറയുന്നുമുണ്ട്. ചിത്രത്തിന്റെ പഴക്കം നോക്കിയാല്‍ മാത്രമേ, അത് സൗഭാഗ്യ ആണോ സുദര്‍ശനയാണോ എന്ന് പറയാന്‍ സാധിക്കൂ.
നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെയും നടനും നര്‍ത്തകനുമായ രാജ വെങ്കിടേഷിന്റെയും ഏക മകളാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ ഭര്‍ത്താവ് അര്ജുന് സോമശേഖരനും സീരിയല്‍ മേഖലയിലെ അഭിനേതാവാണ്. രണ്ടുപേരും സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ശ്രദ്ധ നേടിയിരുന്നു.
സൗഭാഗ്യയുടെ പോസ്റ്റിന്റെ കീഴെ പലരും ആശ്വാസ വാക്കുകളുമായെത്തിയിട്ടുണ്ട്. കാലം എല്ലാ മുറിവുകളും മായ്ക്കില്ല എന്ന് ചിലര്‍ക്കെങ്കിലും അനുഭവമുണ്ട്.
കടുത്ത പനിയുമായി ഒരു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് രാജാ വെങ്കിടേഷ് മരണത്തിനു കീഴടങ്ങിയത്. അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെയും രോഗം ബാധിച്ചിരുന്നു.
സൗഭാഗ്യക്കും അര്‍ജുനും ഒരു മകളാണ്. അച്ഛന്റെ മരണശേഷം, അദ്ദേഹം തന്റെ കുഞ്ഞായി പുനര്ജനിച്ചെങ്കില് എന്ന് ആഗ്രഹിച്ച കാര്യം സൗഭാഗ്യ ഒരിക്കല്‍ പങ്കിട്ടിട്ടുണ്ട്. അഭിനേത്രിയും ഗായികയുമായ സുബ്ബലക്ഷ്മിയുടെ കൊച്ചുമകളാണ് സൗഭാഗ്യ.






