
മേപ്പാടി: വയനാട്ടിലെ ദുരന്തബാധിതരെ കാണാന്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ വയനാട്ടിലെത്തി. ടെറിടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പില്‍ എത്തിയ മോഹന്‍ലാല്‍ ദുരന്തമുണ്ടായ പുഞ്ചിരി മട്ടത്തിലും പിന്നീട് ചൂരല്‍മലയിലേക്കും എത്തിയ ശേഷം അവിടെ നിന്നാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുക. ദുരന്തഭൂമിയില്‍ സേവനം അനുഷ്ഠിക്കുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാണ് മോഹന്‍ലാല്‍ എത്തിയത്. 11 മണിയോടെ മാധ്യമങ്ങളെ കാണാമെന്നാണ് മോഹന്‍ലാല്‍ നേരത്തേ വ്യക്തമാക്കിയത്.
ടെറിടോറിയല്‍ ആര്‍മിയില്‍ ലഫ്നന്റ് കേണലായ മോഹന്‍ലാല്‍ യുണിഫോമില്‍ സൈനിക അകമ്പടിയോടെ സൈനിക വാഹനത്തിലാണ് ദുരന്തഭൂമിയില്‍ എത്തിയത്. നേരത്തേ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. ദുരന്തഭൂമിയില്‍ സൈന്യവും രക്ഷാപ്രവര്‍ത്തകരും അഞ്ചാം ദിവസവും തെരച്ചിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ്. ദുരന്തഭൂമിയില്‍ സൈന്യവും രക്ഷാപ്രവര്‍ത്തകരും നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് താരം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു.
‘‘വയനാട് ജില്ലയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ആറു സോണുകളായി നടത്തുകയാണ്. കാണാമറയ്ത്ത് ഇനിയും ഒരുപാട് പേരുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുകയാണ്. ദുരന്ത മുഖത്ത് ധീരതയോടെ അക്ഷീണം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനിക സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയെയും അഭിവാദ്യം ചെയ്യുന്നു. മുമ്പും നമ്മള് വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ദുഷ്കരമായ സമയത്ത് നമ്മള്‍ക്ക് എല്ലാവര്ക്കും ഒറ്റക്കെട്ടായി നില്‍ക്കാനും ഐക്യത്തിന്റെ ശക്തി കാണിക്കാനും താൻ പ്രാര്‍ഥിക്കുകയും ചെയ്യുന്നു’’ ഇങ്ങിനെയായിരുന്നു മോഹന്‍ലാലിെന്റ കുറിപ്പ്.






