
ചില അതജീവനത്തിന്റെ കഥകള് പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. നമ്മള് ഒരിക്കലും കണ്ടിട്ടും കേട്ടിട്ടും ഇല്ലെങ്കില് കൂടിയും സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര് പങ്ക് വയ്ക്കുന്ന ചില അനുഭവങ്ങള് നമ്മുടെ ജീവിതങ്ങളെ പ്രചോദിപ്പിക്കാന് ഉള്ള വലിയ ശക്തിയുണ്ട്. അത്തരത്തില് ഒരു യുവതിയുടെ അനുഭവം സോഷ്യല് മീഡിയയില് വൈറലാവുകയാണ്. മാരകമായ രീതിയില് ഒരു നായയുടെ ആക്രമണത്തിന് ഇരയാക്കപ്പെട്ട ഈ യുവതി തുടര്ച്ചയായ പ്ലാസ്റ്റിക് സര്ജറികള്ക്ക് ശേഷം താന് ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്.
പുറത്തുവരുന്ന റിപ്പോര്ട്ട് അനുസരിച്ച് 2022 സെപ്റ്റംബറില് ഒരു പിറ്റ് ബുള്ളിന്റെ ആക്രമണത്തില് മുഖത്ത് ഗുരുതരമായി പരിക്കേറ്റ ട്രിനിറ്റി റൗള്സ് എന്ന യുവതിയാണ് ഇത്തരത്തില് ഒരു അനുഭവം സോഷ്യല് മീഡിയയില് പങ്കുവെച്ചത്. അമേരിക്കയിലെ പെന്സില്വാനിയയില് നിന്നുള്ള ട്രിനിറ്റി റൗള്സിന് അന്ന് 19 വയസ്സായിരുന്നു പ്രായം. മുഖം നായ കടിച്ചുകീറിയതിനെ തുടര്ന്ന് നിരവധി ശാസ്ത്രക്രിയകള്ക്കാണ് കഴിഞ്ഞ കുറച്ചുനാളുകളായി ഇവര്ക്ക് വിധേയയാകേണ്ടി വന്നത്. പൂര്ണ്ണമായും തകര്ന്നുപോയ ആ മാനസികാവസ്ഥയില് നിന്നും താന് ജീവിതത്തിലേക്ക് തിരികെയെത്തിയ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോള് ട്രിനിറ്റി.
ട്രിനിറ്റിയുടെ അച്ഛന്റെ വളര്ത്തുനായയിരുന്നു അവളെ ആക്രമിച്ചത്. നായയുടെ ആക്രമണത്തിന് ശേഷം അതികഠിനമായ ഭയത്തിലേക്കും വിഷാദത്തിലേക്കും വഴുതിവീണ ഈ യുവതി പിന്നീട് ജീവിതം തിരികെ പിടിച്ചത് സാമൂഹികമാധ്യമങ്ങളിലൂടെ തന്റെ അനുഭവം പങ്കുവെച്ചു തുടങ്ങിയതോടെയാണ്. തനിക്ക് നേരിടേണ്ടിവന്ന ആക്രമണത്തെക്കുറിച്ചും ഓരോ ദിവസവും താന് കടന്നുപോകുന്ന വേദനകളെക്കുറിച്ചും അവള് സോഷ്യല് മീഡിയയിലൂടെ പങ്കുവെച്ചു. കൂടാതെ തന്റെ മുഖം തിരികെ പിടിക്കാനായി നടത്തിയ ശാസ്ത്രക്രിയയുടെ വിവരങ്ങളും ഇവര് പങ്കുവെച്ചുകൊണ്ടേയിരുന്നു.
ആക്രമത്തില് നിലത്തേക്ക് വീണുപോയ തന്റെ മൂക്ക് നായ കടിച്ചു മുറിച്ചു എന്നാണ് ട്രിനിറ്റി പറയുന്നത്. ആക്രമണത്തിന് ഇരയായി ഒരാഴ്ചയ്ക്കുശേഷം നടത്തിയ , ഒരു സ്കിന് ഗ്രാഫ്റ്റ് നടപടി ക്രമത്തിലൂടെയാണ് തന്റെ നഷ്ടപ്പെട്ടുപോയ മൂക്കിനെ തിരികെ തുന്നിച്ചേര്ത്തത് എന്നാണ് ഇവര് പറയുന്നത്. ഇതിനായി അവളുടെ നെറ്റിയില് നിന്നും തലയോട്ടിയില് നിന്നും ചര്മ്മം എടുക്കുകയും ചെവിയില് നിന്നും തരുണാസ്ഥി എടുക്കുകയും ചെയ്തു. ആക്രമണം ട്രിനിറ്റിയെ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്ഡര് എന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിച്ചു. അതോടെ തനിക്ക് രാത്രികാലങ്ങളില് ഉറങ്ങാന് പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നും ട്രിനിറ്റി പറയുന്നു.
പോസ്റ്റ് സോഷ്യല് മീഡിയയില് വൈറല് ആയതോടെ താങ്കള് നല്കുന്ന പ്രചോദനം വലുതാണെന്നും ജീവിതത്തോടുള്ള അഭിനിവേശം ഇതുപോലെതന്നെ ഇനിയും മുറുകെ പിടിക്കുക എന്നും പലരും അഭിപ്രായപ്പെട്ടു.







Comments