
ചിങ്ങവനം : വിവിധ ബാങ്കുകളുടെ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് ലക്ഷണങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാളെ കൂടി അറസ്റ്റില്‍. യു.പി സ്വദേശിയായ റഹീം (22) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2023 ല്‍ കോട്ടയം കോപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ജില്ലയിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി ഒരുകോടിയില്‍പരം രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.
ഇതില്‍ മണിപ്പുഴ, ചിങ്ങവനം ബ്രാഞ്ചിലെ എ.ടി.എമ്മുകളില്‍ നിന്നായി പല തവണകളായി 59 ലക്ഷത്തില്‍പരം രൂപാ തട്ടിയെടുത്ത കേസില്‍ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ ഈ കേസില്‍ ഇവര്‍ക്ക് വിവിധ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് നല്‍കിയത് ഇയാളാണെന്ന് കണ്ടെത്തുകയും, തുടര്‍ന്ന് ഇയാളെ അന്വേഷണസംഘം പൂനെയില്‍ നിന്നു പിടികൂടുകയുമായിരുന്നു.
ഇവര്‍ ബാങ്കിന്റെ എ.ടി.എമ്മു കളില്‍ കയറി പണം എടുത്തതിന് ശേഷം ഉപയോഗിച്ച കാര്‍ഡിന്റെ ബാങ്കിനെ വിളിച്ച് പണം ലഭിച്ചില്ല എന്ന് അറിയിക്കുകയും, തുടര്‍ന്ന് ബാങ്ക് വീണ്ടും ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം നല്‍കുകയുമായിരുന്നു. ഇത്തരത്തില്‍ ഇവര്‍ കോട്ടയം നഗരത്തിലെ കോപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ എ.ടി.എമ്മുകളില്‍ നിന്ന് 68 ലക്ഷത്തോളം രൂപയും തട്ടിയെടുത്തിരുന്നു, ഈ കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ സന്ദീപ് കുമാര്‍ തിവാരിയെ കഴിഞ്ഞദിവസം അന്വേഷണസംഘം പിടികൂടിയിരുന്നു.
തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഈ കേസിലെ മുഖ്യപങ്കാളിയായ ഇയാള്‍ കൂടി പോലീസിന്റെ പിടിയിലാവുന്നത്. ചിങ്ങവനം സ്റ്റേഷന് എസ്.എച്ച്.ഒ. അനില്‍കുമാര്‍, എസ്.ഐ മാരായ അജ്മല്‍ ഹുസൈന്, സജി, സി.പി.ഒ മാരായ പ്രിന്‍സ്, നിവിന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഈ കേസില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി.






