
തിരുവനന്തപുരം: അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 12 ജില്ലകളില്‍ മഴ മുന്നറിയിപ്പും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ശ്രീലങ്കക്ക് മുകളില്‍ ഉണ്ടായിരിക്കുന്ന ചക്രവാത ചുഴിയും റായലസീമ മുതല്‍ കോമറിന് മേഖല വരെ ന്യുന മര്‍ദ്ദ പാത്തിയുമാണ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമാകുന്നത്.
കണ്ണൂരും കാസര്‍ഗോഡും ഒഴികെ 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മലയോര തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മോശം കാലാവസ്ഥയായതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ വൈകീട്ട് ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ കനത്ത മഴ പെയ്തതോടെ, ചൂരല്‍മല പുത്തുമല എന്നിവിടങ്ങളില്‍ നിന്നായി 83 പേരെ മാറ്റി പാര്‍പ്പിച്ചിരുന്നു. തൃക്കൈപ്പറ്റ സ്കൂളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. മഴമൂലം ഇന്നലെ മുടങ്ങിയ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടത്തും. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരും.






