
കോട്ടയം: കോട്ടയം നഗരസഭ ജീവനക്കാരന് നടത്തിയ പെന്ഷന് തിരിമറിയില്‍ എത്ര തുക നഷ്ടമായെന്ന കണക്കില്ല, കൗണ്‍സില്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കും ഭരണപക്ഷത്തിനുമെതിരെ രൂക്ഷ വിമര്‍ശനം. തട്ടിപ്പ് പുറത്തുവന്നു പത്തു ദിവസം പിന്നിട്ടിട്ടും കൃത്യമായ കണക്ക് വ്യക്തമാക്കാന്‍ കഴിയാത്തത് രൂക്ഷവിമര്‍ശനങ്ങള്‍ക്കും കാരണമായി. മൂന്നു കോടിയിലധികമെന്നു പറയുന്നതല്ലാതെ, എത്രരൂപ നഷ്ടപ്പെട്ടുവെന്ന കൃത്യമായ കണക്ക് അവതരിപ്പിക്കമെന്ന് കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഇതോടെ, ഫയലുകള്‍ പല സെക്ഷനുകളിലായിട്ടാണെന്നും കണക്കെടുപ്പ് തുടരുകയാണെന്നും സെക്രട്ടറി മറുപടി നല്കി. പണം തട്ടിയ നഗരസഭ ക്ലകര്ക്ക് അഖില്‍ സി. വര്‍ഗീസിനെ പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണ്. പ്രതി വിദേശത്തേക്കു കടക്കാതിരിക്കാനായി പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ നടപടിയില്ല. ഭരണകക്ഷി യൂനിയനുമായി ബന്ധമുള്ള ഇയാളെ രക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും യു.ഡി.എഫ് അംഗങ്ങള്‍ അരോപിച്ചു. നാലുവര്‍ഷമായി തട്ടിപ്പ് നടന്നിട്ടും ഉദ്യോഗസ്ഥര്‍ക്കു കണ്ടുപിടിക്കാന്‍ കഴിയാത്തതു ഗുരുതര വീഴ്ചയാണെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. സെക്രട്ടറിയുടെ അടക്കം അനാസ്ഥയാണു പ്രതിക്ക് തട്ടിപ്പ് നടത്താന്‍ അവസരമൊരുക്കിയത്.
അഖില്‍ വര്‍ഗീസ് കൊല്ലത്ത് തട്ടിപ്പ് നടത്തിയ വ്യക്തയാണെന്ന് അറിയാമായിരുന്ന സെക്രട്ടറി ഇക്കാര്യം ചെയര്‍പേഴ്സണിന്റെ അറിയിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും അംഗങ്ങള്‍ ആരോപിച്ചു. 2020 മുതല്‍ തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തില്‍, അന്ന് മുതല്‍ നഗരസഭയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ഉദ്യോഗസ്ഥരുടെയും വീഴ്ച അന്വേഷിക്കണം. മുന്‍ സെക്രട്ടറിമാരുടെ പ്രവര്‍ത്തനം പ്രത്യേകമായി പരിശോധിക്കണം. അഖില്‍ തട്ടിയെടുത്ത പണത്തിന്റെ വിഹിതം ആര്‍ക്കൊക്കെ ലഭിച്ചിട്ടുണ്ടെന്നു കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നു.
അതിനിടെ, പെന്ഷന് വിതരണത്തില്‍ തിരിമറി നടത്തി കോട്ടയം നഗരസഭയില്‍നിന്നു പണം തട്ടിയ അഖില്‍ വര്‍ഗീസ്, കൈകാര്യം ചെയ്തിരുന്ന സെക്ഷനുകളിലെ ഫയലുകളും രേഖകളും വിശദമായി പരിശോധിക്കാന്‍ നഗരസഭ സെക്രട്ടറി പുതിയ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു. ഒമ്പതു പേരടങ്ങുന്ന സംഘം ഈ മാസം 25നകം റിപ്പോര്‍ട്ടു നല്‍കും. നേരത്തെ പെന്ഷന് രേഖകള്‍ പരിശോധിക്കാന്‍ മുന്നംഗ സംഘത്തെ നിയോഗിച്ചിരുന്നു. അതിനിടെ, സംഭവത്തില്‍ സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണു സൂചന.






