
മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ സംഭാവന ചെയ്ത അതികായനായ എഴുത്തുകാരനും സംവിധായകനും തിരക്കഥാകൃത്തുമാണ് എം.ടി. വാസുദേവന്‍ നായര്‍. ഏഴ് സിനിമകൾ സംവിധാനം ചെയ്യുകയും 54 ഓളം സിനിമകൾക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുള്ള എം.ടിയുടെ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകര്‍ ഇപ്പോഴുമുണ്ട്. എം.ടിയുടെ ഒമ്പത് തിരക്കഥയില്‍ നിന്ന് എട്ട് സംവിധായകർ ഒരുക്കിയ ‘മനോരഥങ്ങള്‍’ എന്ന ആന്തോളജി ചിത്രം വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരുന്നത്. മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയുമടക്കം മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഈ ആന്തോളജിയുടെ ഭാഗമായിട്ടുണ്ട്. സിനിമ റിലീസായ ശേഷം പലരും ഈ ആന്തോളജിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുന്നുണ്ട്.
ഇപ്പോഴിതാ ഈ ആന്തോളജി ചിത്രം കണ്ടിട്ട് ഇതിപ്പോള്‍ വേണ്ടിയിരുന്നില്ല എന്നാണ് തോന്നിയതെന്ന് നിരൂപകയും എഴുത്തുകാരിയുമായ ശാരദക്കുട്ടി കുറിക്കുകയാണ്. നമ്മുടെ ഗതകാലക്കുളിരായിരുന്ന ഇതിലെ പല സംവിധായകർക്കും അവരുടെതായ നിലയില്‍ ഇതിലും മികച്ച സിനിമകള്‍ ഉണ്ടായിരുന്നു എന്നും ബാപ്പുട്ടി വെറും ഒരു മോഹൻലാല്ശരീരം മാത്രമായിപ്പോയെന്നും മമ്മൂട്ടിയുടെ സാന്നിധ്യം ഉറപ്പിക്കാൻ വേണ്ടി മാത്രം ഒരു ചിത്രമെന്നും ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
‘‘മനോരഥങ്ങൾ കണ്ടു. MT യുടെ മികച്ച രചനകൾ MT യും പി എൻ മേനോനും ഭരതനും ഐ വി ശശിയും ഹരിഹരനും ഒക്കെ അഭ്രപാളികളിലേക്ക് പകർത്തിയത് സീൻ ബൈ സീനായി മനസ്സിലുള്ളവരുടെ കാഴ്ചകളിലേക്ക് ഈ കരടുകൾ വാരിയിടേണ്ടിയിരുന്നില്ല. എത്ര ഗൃഹാതുരത ഉള്ളിലുള്ളവർക്കും മുന്നോട്ടു നീങ്ങില്ല.
മുൻപാരോ എഴുതിയതുപോലെ, ടാജ് മഹലിനു മുകളിൽ ഇഷ്ടിക പെറുക്കി വെക്കരുത്. നമ്മുടെ ഗതകാലക്കുളിരായിരുന്ന ഇതിലെ പല സംവിധായകർക്കും ഉണ്ടായിരുന്നു അവരുടെതായ നിലയിൽ ഇതിലും മികച്ച സിനിമകൾ.
ഇതിപ്പോൾ വേണ്ടിയിരുന്നില്ല എന്നു തോന്നി. ബാപ്പുട്ടി വെറും ഒരു മോഹൻലാൽ ശരീരം മാത്രമായിപ്പോയി. മമ്മൂട്ടിയുടെ സാന്നിധ്യം ഉറപ്പിക്കാൻ വേണ്ടി മാത്രം ഒരു ചിത്രം. കാറിൽ മേലോട്ട് ചാഞ്ഞിരുത്തി, ശ്രീലങ്കയിലൂടെ യാത്ര ചെയ്യിക്കുന്ന ഒരു വേഷം. കഥയൊക്കെ ബാക്കിയുള്ളവരുടെ വേഷങ്ങൾക്കാണ്. വിനീത് ഏതു വേഷത്തിലും അന്നും ഇന്നും നന്നാകുന്നുണ്ട്.
ശിലാലിഖിതങ്ങൾ സീരിയസ് ആയാണ് കൊണ്ടു പോകുവാൻ ശ്രമിക്കുന്നതെങ്കിലും കോമഡിയായിപ്പോയി. പുതിയ കാലത്തിന്റെ സിനിമാപ്രേക്ഷകർക്കു വേണ്ടി ഒന്നുമൊന്നും ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധ എല്ലാ സിനിമയിലും കാണാനുണ്ട്. എം ടി എത്രയോ തവണ പറഞ്ഞ പ്രമേയങ്ങൾ തന്നെ ആവർത്തിക്കാതെ ഏതെങ്കിലും വ്യത്യസ്തതയുള്ള കഥകളെ തിരഞ്ഞെടുക്കുകയെങ്കിലും ആകാമായിരുന്നു.
എന്തായാലും ഹരിഹരൻ, ഐ വി ശശി, പി.എൻ മേനോൻ, ഭരതൻ,എം ടി; നിങ്ങളുടെ പിന്നാല വന്നവർ നിങ്ങളെ കൂടുതൽ മഹത്ത്വപ്പെടുത്തിയിരിക്കുന്നു.
നിങ്ങളുടെ വലുപ്പം കൂടുതലായി ഞങ്ങളറിയുന്നു.
എസ് ശാരദക്കുട്ടി...’’ എന്നാണ് ശാരദക്കുട്ടി ഫെയ്സ്ബുക്കിലൂടെ കുറിച്ചത്.
പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലിനെ നായകനാക്കി ‘ഓളവും തീരവും’, ബിജു മേനോൻ നായകനാവുന്ന ‘ശിലാലിഖിതം’, രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’, ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘ഷെർലക്ക്’, സന്തോഷ് ശിവന്റെ സിദ്ദിഖ് ചിത്രം ‘അഭയം തേടി’, നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി ജയരാജ് സംവിധാനത്തിലൊരുങ്ങുന്ന ‘സ്വർഗം തുറക്കുന്ന സമയം’, എംടിയുടെ മകള്‍ അശ്വതിയും സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ആസിഫ് അലി, മധുബാല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘വില്പന’, പാർവതി തിരുവോത്ത് നായികയായെത്തുന്ന ശ്യാമ പ്രസാദ് ചിത്രം ‘കാഴ്ച’, രതീഷ് അമ്പാട്ടിന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയും ഒന്നിക്കുന്ന ‘കടല്‍ക്കാറ്റ്’ എന്നിവയാണ് ആന്തോളജിയിലെ എംടി ചിത്രങ്ങള്‍. ഓരോ സിനിമയായി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത് സീ 5-ആണ്.






