
രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷവും കൃതജ്ഞതയും പങ്കുവെച്ച് നടൻ ആർ. മാധവൻ. രാഷ്ട്രപതിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ടുകൊണ്ടാണ് താരം തന്റെ സിനിമാ യാത്രയെക്കുറിച്ചും പ്രേക്ഷകരോടുള്ള നന്ദിയും അറിയിച്ചത്. തനിക്ക് ലഭിച്ച ഈ വലിയ അംഗീകാരം സിനിമാ ലോകത്തിനും പ്രേക്ഷകർക്കും കുടുംബത്തിനുമായി സമര്‍പ്പിക്കുന്നതായും മാധവന്‍ പറഞ്ഞു.
"പത്മശ്രീ പുരസ്കാരം ലഭിച്ചതിൽ ഞാൻ അങ്ങേയറ്റം വിനീതനും അഗാധമായി നന്ദിയുള്ളവനുമാണ്, കൂടാതെ ഈ പുരസ്കാരത്താൽ വലിയ രീതിയിൽ ആദരിക്കപ്പെട്ടതായും ഞാൻ കരുതുന്നു.
രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്ന് നൽകി എന്നെ അനുഗ്രഹിച്ചതിന് ഭാരത സർക്കാരിനോട് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. എന്റെ പേര് ശുപാർശ ചെയ്യുകയും എന്റെ യാത്രയിൽ വിശ്വാസമർപ്പിക്കുകയും ചെയ്ത മഹാരാഷ്ട്ര സർക്കാരിനോടും ഞാൻ ഒരുപോലെ കടപ്പെട്ടിരിക്കുന്നു. ഈ അംഗീകാരം എന്റെ ജീവിതകാലം മുഴുവൻ ഞാൻ കാത്തുസൂക്ഷിക്കുന്ന ഒന്നായിരിക്കും.
വർഷങ്ങളായി എന്റെ സിനിമകൾ കാണുകയും, എന്റെ കഥാപാത്രങ്ങളെ നെഞ്ചേറ്റുകയും, എന്റെ വിജയങ്ങൾ ആഘോഷിക്കുകയും, എന്റെ പോരായ്മകൾ ക്ഷമിക്കുകയും, എനിക്കൊപ്പം നിലകൊള്ളുകയും ചെയ്ത ഓരോരുത്തർക്കുമായി ഈ ബഹുമതി എനിക്കെന്നപോലെ നിങ്ങൾക്കും അവകാശപ്പെട്ടതാണ്. നിങ്ങളുടെ സ്നേഹമാണ് എന്റെ ജീവിതത്തിലെയും കരിയറിലെയും ഓരോ നാഴികക്കല്ലുകൾക്കും പിന്നിലെ ചാലകശക്തി.
ഇന്ന്, എനിക്ക് വലിയൊരു ഉത്തരവാദിത്തബോധവും തോന്നുന്നുണ്ട്. ഓരോ പദവിയും അതിനോടൊപ്പം വലിയൊരു കടമ കൂടി നൽകുന്നുണ്ടെന്ന് ഈ അംഗീകാരം എന്നെ ഓർമ്മിപ്പിക്കുന്നു സത്യസന്ധത, വിനയം, മികവ് എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ; എനിക്ക് എല്ലാം തന്ന മാന്ത്രിക സിനിമാ ലോകത്തിന് അർത്ഥവത്തായ സംഭാവനകൾ നൽകാൻ; എന്റെ രാജ്യത്തെ എനിക്ക് കഴിയുന്ന രീതിയിലെല്ലാം സേവിക്കാൻ.
ഈ ബഹുമതി ഞാൻ സിനിമാ ലോകത്തിനും, എന്നോടൊപ്പം സഞ്ചരിച്ച ഓരോ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും, എന്റെ കരുത്തായ കുടുംബത്തിനും സമർപ്പിക്കുന്നു…എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി’ -മാധവൻ കുറിച്ചു. തന്റെ ഔദ്യോഗിക വസ്ത്രങ്ങൾ ഒരുക്കിയ പ്രശസ്ത ഡിസൈനർ വരുൺ മർവയ്ക്കും മാധവൻ കുറിപ്പിലൂടെ പ്രത്യേക നന്ദി അറിയിച്ചു.
തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ചലച്ചിത്ര മേഖലകളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ജനപ്രിയനായ നടനാണ് ആർ. മാധവൻ. അഭിനയത്തിന് പുറമെ സംവിധായകൻ, നിർമ്മാതാവ്, എഴുത്തുകാരൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്.
മാധവന്റെ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ സിനിമാ ലോകത്ത് നിന്നും ആരാധകരിൽ നിന്നും വൻ ജനപ്രീതിയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വിനയത്തെയും സിനിമയോടുള്ള സമർപ്പണത്തെയും പ്രശംസിച്ച് നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.






