
തെന്നിന്ത്യന്‍ സിനിമകളില്‍ സ്ത്രീകളെ വേണ്ട രീതിയില്‍ ബഹുമാനിക്കാറില്ലെന്ന് നടി തമന്ന. ഫോര്‍ബ്‌സ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ബോളിവുഡില്‍ അഭിനേതാക്കള്‍ക്ക് തങ്ങളുടെ വഴി തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യമുണ്ട്. ആര്‍ട്ടിസ്റ്റിക് ആയ കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ ഗ്ലാമറസ് പാട്ടുകള്‍ ചെയ്യണമെന്നില്ല. എന്നാല്‍ രണ്ടും ഒരേ പോലെ കൊണ്ടുപോകുന്നവരാണ് അവിടെ സൂപ്പര്‍ താരങ്ങളാകുന്നത്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമകളില്‍ പുരുഷാധിപത്യ സ്വഭാവമുളള അല്ലെങ്കില്‍ സ്ത്രീകളെ വേണ്ട രീതിയില്‍ ബഹുമാനിക്കാത്ത പ്രവണതയാണെന്നും തമന്ന പറഞ്ഞു.
"ഞാൻ തെന്നിന്ത്യൻ സിനിമയിലേക്ക് വന്നപ്പോൾ ആളുകൾ അതിനെ പല പേരുകൾ വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായി. അത് തികച്ചും ഒരു പ്രത്യേക തരത്തിലുള്ള മനോഭാവമാണ്, ഒരു പുരുഷാധിപത്യ സ്വഭാവമുള്ള അല്ലെങ്കിൽ സ്ത്രീകളെ വേണ്ട രീതിയിൽ ബഹുമാനിക്കാത്ത പ്രവണത.
കൊമേഴ്സ്യൽ സിനിമകളുടെ ഭാഗമാകുമ്പോൾ അവിടെ കരിയർ നിലനിർത്താൻ വലിയ സ്റ്റാർ ക്വാളിറ്റി തന്നെ വേണം. അതുകൊണ്ട് തെന്നിന്ത്യൻ സിനിമ കൂടുതൽ നിയന്ത്രണങ്ങളുള്ളതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എങ്കിലും 10-15 വർഷത്തിലേറെയായി കരിയർ നിലനിർത്തുന്ന നടിമാർ പെർഫോമൻസ് ഓറിയന്റഡ് വേഷങ്ങളും കൊമേഴ്സ്യൽ ഡാൻസുകളും ഒരേ പോലെ മികച്ചതാക്കുന്നുണ്ട്".- തമന്ന വ്യക്തമാക്കി.






