
സഹോദരി അൻഷുല കപൂർ വിവാഹിതയാകാൻ പോകുന്നതിന്റെ ആവേശത്തിലാണ് ബോളിവുഡ് താരം അർജുൻ കപൂർ. ചടങ്ങിൽ നിന്നുള്ള ഏതാനും ചില ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനൊപ്പം സഹോദരിക്കായി ഹൃദയസ്പർശിയായ ഒരു കുറിപ്പും താരം കുറിച്ചു.
"അൻഷു, നമ്മൾ തുടങ്ങിയിട്ടേയുള്ളൂ ! ഒരു വൈകുന്നേരം കഴിഞ്ഞപ്പോഴേക്കും എനിക്കറിയാം ഈ സമയം വളരെ വേഗത്തിൽ കടന്നുപോകുമെന്ന്. നിങ്ങൾ ഇരുവർക്കും വേണ്ടി ഞാൻ അത്രയധികം ആവേശഭരിതനും സന്തോഷവാനുമാണ് ! ആഘോഷങ്ങൾ ആരംഭിക്കാൻ എനിക്ക് ഇനി കാത്തിരിക്കാനാവില്ല," എന്നാണ് ചിത്രങ്ങൾക്കൊപ്പം അർജുൻ കപൂർ കുറിച്ചത്.
പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂറിന്റെ മകളായ അൻഷുലയുടെ വിവാഹാഘോഷങ്ങൾക്ക് അടുത്തിടെ നടന്ന 'മാതാ കി ചൗക്കി' പൂജയോടെയാണ് തുടക്കമായത്. പാരമ്പര്യ തനിമയാർന്ന 'ഫുൽകാരി ദുപ്പട്ട' ധരിച്ചാണ് അൻഷുല ചടങ്ങിൽ പങ്കെടുത്തത്. പഞ്ചാബി പാരമ്പര്യത്തിന്റെ പൈതൃകവും തലമുറകളായി കൈമാറി വന്ന സ്ത്രീകളുടെ അനുഗ്രഹവുമാണ് ഈ വസ്ത്രമെന്ന് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അൻഷുല സോഷ്യൽ മീഡിയയിൽ കുറിച്ചു.
പ്രമുഖ വ്യവസായി രോഹൻ താക്കറാണ് അൻഷുലയുടെ വരൻ. കഴിഞ്ഞ വർഷം ഒക്ടോബർ 2 നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. കപൂർ കുടുംബത്തിൽ നിന്നുള്ള പ്രമുഖ താരങ്ങളായ അർജുൻ കപൂർ, ജാൻവി കപൂർ, ഖുഷി കപൂർ, ഷനായ കപൂർ, സഞ്ജയ് കപൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.






