
തിരുവനന്തപുരം: ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നല്കിയ ധനസഹായത്തില്‍ നിന്നും ബാങ്ക് ഇഎംഐ പിടിച്ചതിന് എതിരേ യുവജന സംഘടനകള്‍ വന്‍ പ്രതിഷേധം നടത്തുമ്പോള്‍ നടപടി ശരിയായില്ലെന്ന് മുഖ്യമന്ത്രിയും. ദുരന്തം നടന്ന പ്രദേശത്തെ മുഴുവന്‍ വായ്പകളും എഴുതിത്തള്ളണമെന്നും ബാങ്കുകള്‍ക്ക് താങ്ങാവുന്ന തുകയേ അതുളളൂ എന്നും മുഖ്യമന്ത്രി എസ്എല്‍ബിസി യോഗത്തില്‍ വ്യക്തമാക്കി.
പലിശയിളവ് നല്കുന്നതോ കാലാവധി നീട്ടുന്നതോ ഗുണകരമാകില്ല. ഗ്രാമീണ്‍ ബാങ്ക് ദുരന്തബാധിതരുടെ അക്കൗണ്ടില്‍ എത്തിയ സഹായധനത്തില്‍ നിന്നും ഇഎംഐ പിടിച്ചത് ശരീയായില്ലെന്നും ബാങ്ക് യാന്ത്രികമായി പെരുമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാടിന് ഉണ്ടായത് വലിയ നഷ്ടമാണെന്നും ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയ കേരളാബാങ്കിന്റെ മാതൃക മറ്റ് ബാങ്കുകള്‍ പിന്തുടരണമെന്നും പറഞ്ഞു.
അനേകം കര്‍ഷക കുടുംബങ്ങളുളള പ്രദേശത്തെ മിക്കവരും വായ്പ എടുത്തിട്ടുണ്ട്. അവരൊക്കെ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഉരുള്‍ കൃഷിഭൂമിയുടെ രൂപം തന്നെ മാറ്റിയിരിക്കുന്ന സ്ഥിതിയാണ് വയനാട്ടിലുളളത്. തുടര്‍വാസമോ കൃഷിയോ ൗൗ പ്രദേശങ്ങളില്‍ സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വീട് നിര്‍മ്മിക്കാന്‍ ലോണ്‍ എടുത്തവര്‍ക്ക് വീട് തന്നെ ഇല്ലാതായി. ഇത്തരമൊക്കെ സാഹചര്യത്തില്‍ മാതൃക പരമായ നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്നും എസ്എല്‍ബിസി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
നേരത്തേ വീടു നിര്‍മ്മാണത്തിന് 50,000 രൂപയെടുത്ത പുഞ്ചിരിമട്ടത്തെ മിനിമോളുടെ അക്കൗണ്ടില്‍ വന്ന സര്‍ക്കാര്‍ ധനസഹായത്തില്‍ നിന്നുമാണ് ഗ്രാമീണ്‍ബാങ്ക് ചൂരല്‍മല ബ്രാഞ്ച് 3000 രൂപ പിടിച്ചത് വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ വിലങ്ങാട്ടെ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് വന്ന 15,000 രൂപയുടെ സഹായവും ബാങ്ക് തൊട്ടുപിന്നാലെ എടുത്തുകൊണ്ടുപോയി. വന്‍ വിവാദമായതോടെ യുവജനസംഘടനകള്‍ ഗ്രാമീണ്‍ബാങ്കില്‍ കല്‍പ്പറ്റയിലെ റീജിയണല്‍ ഓഫീസ് ഇന്ന് ഉപരോധിച്ചിരുന്നു. വിവാദമായതോടെ മിനിമോളുടെ പണം ഗ്രാമീണ്‍ബാങ്ക് തിരികെ നല്‍കിയിട്ടുണ്ട്.






