
ആന്ധ്രയിൽ ജനിച്ചെങ്കിലും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിലേക്ക് ആദ്യമായി കൊണ്ടുവന്നത് നടി ശാരദയാണ്. മലയാളത്തിന്റെ ദുഃഖപുത്രിയായി എത്തി പ്രേക്ഷകമനസ്സില്‍ മുഖമുദ്ര പതിപ്പിച്ച ശാരദ വളരെപ്പെട്ടന്നായിരുന്നു മലയാളക്കരയുടെ പ്രിയനായികയായത്. താരം അഭിനയിച്ച് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ തലമുറകൾക്കപ്പുറം സഞ്ചരിച്ച് പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇന്നും ശാരദയ്ക്ക് ഒട്ടനവധി ആരാധകരുണ്ട്. പഴയകാല മലയാളി നായികമാരുടെ ഇടയില്‍ ഇന്നും സജീവമായ താരം കൂടിയാണ് ശാരദ.
ഇപ്പോഴിതാ മുൻപ് സിനിമയിലെ നായകനും നായികയും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നടിയും ഹേമാ കമ്മിറ്റി അംഗവുമായ ശാരദ. കാസ്റ്റിങ് കൗച്ച് മുൻപും നിലനിന്നിരുന്നതായും ഇപ്പോൾ പലരും ഇക്കാര്യം തുറന്നു പറയുന്നുവെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ തന്റെ കണ്ടെത്തലായി ശാരദ പറഞ്ഞു.
‘‘ഇപ്പോൾ പലരും ഇക്കാര്യം തുറന്നു പറയുന്നു. സിനിമയിൽ അവസരം ലഭിക്കാൻ ലൈംഗികമായി വഴങ്ങേണ്ടി വരുന്ന ‘കാസ്റ്റിങ് കൗച്ച്’ സംസ്കാരം മുൻപുമുണ്ടായിരുന്നു. അക്കാലത്ത് നായകനും നായികയും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമുണ്ടായിരുന്നു. മുൻപ് ദ്വയാർഥത്തോടെയുള്ള വാചകങ്ങളോ സ്ത്രീകളെ അനുചിതമായി സ്പർശിക്കലോ ഉണ്ടായിരുന്നില്ല. ആവശ്യങ്ങൾക്കായി നിലകൊള്ളുന്നതിന്റെ പേരിൽ അപ്രഖ്യാപിത വിലക്കു ഭീഷണി മുൻപുമുണ്ടായിരുന്നു. പക്ഷേ, അവയൊന്നും നടപ്പാക്കിയിരുന്നില്ല. ഇന്ന് 'കോംപ്രമൈസ്', 'അഡ്ജസ്റ്റ്മെന്റ്' എന്നീ വാക്കുകൾ സാധാരണമായി....’’ ശാരദ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം വഴങ്ങലുകൾ പരസ്യമായി നടക്കുന്നുവെന്ന വ്യത്യാസം മാത്രമാണിപ്പോഴുള്ളതെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശാരദയുടേതായി പരാമർശിച്ചിട്ടുണ്ട്.
സ്ത്രീകൾ താമസിക്കുന്ന മുറികളിൽ രാത്രികളിൽ വാതിലിലുള്ള മുട്ടലുകൾ ഇപ്പോൾ പതിവാണ്. ഇന്ന്, സ്ത്രീകളിൽ പലരും ധരിക്കുന്ന വേഷം ശരിയല്ലെന്നും മറച്ചുവയ്ക്കുന്നതിനെക്കാൾ കൂടുതൽ പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങളാണവയെന്നും ശാരദയുടെ അഭിപ്രായങ്ങളായി.
‘‘ഒരു മടിയും കൂടാതെയാണ് പുരുഷന്മാരായ ആളുകൾ സെക്സിന് താത്പര്യമുണ്ടെന്ന് പറയുന്നത്. അതിപ്പോൾ സ്ത്രീകൾക്ക് താത്പര്യമില്ലെങ്കിൽപ്പോലും. എന്നാലും സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനംചെയ്തുകൊണ്ട് അവർ ഇതേ ആവശ്യമുന്നയിക്കും. ചില പുതിയ പെൺകുട്ടികൾ ഈ ചതിയിൽ വീഴുകയും സമ്മതമില്ലാതെ ലൈംഗികമായി ചൂഷണംചെയ്യപ്പെടുകയും ചെയ്തെന്ന് സിനിമയിലെ ചില സ്ത്രീകൾ തങ്ങളോട് പറഞ്ഞു.
സെറ്റിൽ ലഹരി ഉപയോഗം വ്യാപകമാണ്. രാത്രിയിൽ നടിമാർ താമസിക്കുന്ന മുറികളുടെ വാതിൽ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കിൽ ഭയപ്പെടുത്തുന്ന തരത്തിൽ ബഹളം ഉണ്ടാക്കും. സിനിമയിൽ തന്നെ പ്രവർത്തിക്കുന്ന ഭൂരിഭാഗം പുരുഷന്മാരും കരുതുന്നത് സ്ക്രീനിൽ ഇന്റിമേറ്റ് സീനുകൾ അഭിനയിക്കാൻ തയ്യാറുള്ള നടിമാർ ഇതേകാര്യം സ്ക്രീനിന് പുറത്തും ചെയ്യാൻ തയ്യാറാണെന്ന് കരുതുന്നുവെന്ന് ഒരാൾ പറഞ്ഞു.
ഷൂട്ടിങ് ലൊക്കേഷനിൽ ചെന്നാൽ സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. പവർ ഗ്രൂപ്പിന്റെ ഭാഗമായുള്ളവർക്ക് കാരവാൻ ഉണ്ടാകും. നടിമാർക്ക് ശുചിമുറികൾ പോലും ലൊക്കേഷനിൽ ഇല്ല. വസ്ത്രം മാറാൻ സുരക്ഷിതമായ സൗകര്യം സെറ്റിൽ ഒരുക്കുന്നില്ല. ഒരു പിവിസി പൈപ്പിൽ കീറത്തുണി കെട്ടിവച്ച് മറയാക്കിയാണ് പലപ്പോഴും വസ്ത്രം മാറാൻ സൗകര്യം നൽകുന്നത്. കാറ്റടിച്ചാൽ പോലും പറന്നു പോകുംവിധമുള്ള താൽക്കാലിക സംവിധാനമാണിത്. ഈ സംവിധാനം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കണം...’’ ശാരദ റിപ്പോർട്ടിൽ നിർദേശിക്കുന്നു.
സെറ്റിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും തന്റെ കണ്ടെത്തലായി ശാരദ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാത്രിയിൽ നടിമാർ താമസിക്കുന്ന മുറികളുടെ വാതിൽ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കിൽ ഭയപ്പെടുത്തുന്ന തരത്തിൽ ബഹളം ഉണ്ടാക്കുമെന്നും ശാരദ പറയുന്നു.
സിനിമ പ്രവർത്തകരുടെ ജോലി സമയവും വേതനവും കൃത്യമായി നിർവചിക്കുന്ന കരാർ അനിവാര്യമാണ്. സ്ത്രീകൾക്കെതിരായ സൈബർ അതിക്രമങ്ങൾ തടയാൻ സർക്കാർ കർശന നടപടിയെടുക്കണം. താരങ്ങളുടെ ക്ഷേമമുറപ്പാക്കാൻ നികുതിരഹിത ഫണ്ട് സ്ഥാപിക്കണമെന്നും ശാരദ ശുപാർശ ചെയ്തു.
മലയാള സിനിമാമേഖലയിലെ ലൈംഗികചൂഷണ വിവരങ്ങൾ വെളിപ്പെടുത്തുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ഇതേസമയം, നടൻമാർക്കു തുല്യമായ വേതനം നടിമാർക്കും നൽകണമന്ന വാദത്തോടു യോജിപ്പില്ലെന്ന് ശാരദ വ്യക്തമാക്കി. നായകൻ ആരാണെന്നാണു പൊതുജനം അന്വേഷിക്കുന്നത്. സിനിമ മേഖലയിൽ സ്ത്രീ സാന്നിധ്യം വർധിപ്പിക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. ഇക്കാര്യത്തിലുള്ള തീരുമാനം നിർമാതാക്കൾക്കും സംവിധായകർക്കും വിടുന്നതായും ശാരദ പറഞ്ഞു.






