
ശബ്ദഗാഭീര്യം കൊണ്ടും വികാര തരളിതമായ ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസു കീഴടക്കിയ അതുല്യ നടൻ തിലകന് കാലയവനിക്കുള്ളില്‍ മറഞ്ഞെങ്കിലും ഇന്നും മലയാള മനസ്സില്‍ ജീവിക്കുന്നുണ്ട്. പലപ്പോഴും ചില തുറന്നു പറച്ചിലുകളുടെ പേരിലും തിലകന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. അമ്മയുടെ പല നിലപാടുകളിലും അതൃപ്തി പ്രകടിപ്പിക്കുകയും ശക്തമായി എതിർക്കുകയും ചെയ്ത നടനാണ് തിലകൻ. തന്റെ നിലപാടില്‍ ഉറച്ച് നിന്നതിന്റെ പേരില്‍ അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഇപ്പോഴിതാ മലയാള സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ തിലകനോടൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് മകൻ ഷമ്മി തിലകൻ. ‘‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ...’’ എന്നാണ് തിലകനൊപ്പമിരിക്കുന്ന ചിത്രത്തിന്റെ കൂടെ ഷമ്മി തിലകൻ ഫേസ്ബുക്കില്‍ കുറിച്ചത്. തിലകൻ ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പരാമർശിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഷമ്മി തിലകൻ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടുകയാണ്.
തിലകന്റെ വാക്കുകള്‍ ഓർത്തെടുത്ത് കൊണ്ട് നിരവധി പേര് പോസ്റ്റിന് താഴെ അഭിപ്രായങ്ങള്‍ കുറിക്കുന്നുണ്ട്. ‘മലയാളസിനിമയിലെ അനീതിക്കെതിരെ പരസ്യമായി ചങ്കുറ്റത്തോടെ ശബ്ദം ഉയർത്തിയ മഹാ നടൻ തിലകൻ, കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോകില്ല, ഇപ്പോഴാണ് തിലകകുറിക്കു ആത്മശാന്തി കിട്ടി കാണുക, മലയാള സിനിമാ രംഗത്തെ ജാതി വെറിയും ഗുണ്ടായിസവും മാടമ്പിത്തരവും സമൂഹത്തോട് സദൈര്യം പറഞ്ഞ മനുഷ്യനാണ്’ എന്നതടക്കമാണ് കമന്റുകള്‍.
സംവിധായകൻ വിനയൻ പങ്കുവച്ച കുറിപ്പിലും തിലകന്റെ പേര് പരാമർശിച്ചിരുന്നു. അദ്ദേഹം പറഞ്ഞ് വച്ചതിന്റെ ബാക്കിപത്രമാണ് ഈ റിപ്പോർട്ടെന്നാണ് പലരും പറയുന്നത്.






