
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അതില്‍ ചിലത് നമ്മെ ചിരിപ്പിക്കുമെങ്കില്‍ ചിലത് വേദനിപ്പിക്കുന്നതായിരിക്കും. മറ്റ് ചിലതാവട്ടെ നമ്മെ കൗതുകം കൊള്ളിക്കുന്നതും ആവാം. എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സംഗതി ഒരു കുഞ്ഞുവീഡിയോയാണ്. പക്ഷേ, ശരിക്കും അത് ആളുകളെ അമ്പരപ്പിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. വീഡിയോയില്‍ കാണുന്നത് ഒരു ആണ്‍കുട്ടിയെയാണ്. അവന്റെ പിന്നില്‍ ഷര്‍ട്ടുകള്‍ തൂക്കിയിട്ടിരിക്കുന്നത് കാണാം. അവന്റെ കയ്യില്‍ ഒരു മൊബൈല്‍ ഫോണും ഉണ്ട്. ആ മൊബൈല്‍ ഫോണ്‍ അവന് തിരിഞ്ഞുപോലും നോക്കാതെ പിന്നിലേക്ക് ഒരൊറ്റയേറാണ്. അത് നേരെ ചെന്ന് വീഴുന്നതോ പിന്നിലെ ഷര്‍ട്ടിന്റെ പോക്കറ്റിലും. ഒരു തവണ എറിയുന്നതിന് പകരം ഫോണ്‍ തട്ടിത്തെറിപ്പിക്കുന്നതും കാണാം. അപ്പോഴും അത് കൃത്യമായി ഷര്‍ട്ടിന്റെ പോക്കറ്റില്‍ തന്നെ ചെന്ന് വീഴുന്നുണ്ട്.
എന്തായാലും, വീഡിയോ കണ്ടവരില്‍ പലരും അവരുടെ അമ്പരപ്പ് മറച്ചുവച്ചില്ല. അതുപോലെ, പരിശീലനം എന്തും ചെയ്യാനുള്ള പ്രാപ്തി നല്‍കും എന്ന് കമന്റ് നല്കിയവരും കുറവല്ല. മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 19 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. മാത്രമോ, ഇതില്‍ ഒരു തവണയല്ലേ ലൈക്ക് ചെയ്യാന്‍ പറ്റൂ എന്ന് ചോദിച്ചവര്‍ വരേയും ഉണ്ട്.






