
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതു സംബന്ധിച്ച ഭാവിനടപടികള്‍ തീരുമാനിക്കാന്‍ സെക്രട്ടറിതല സമിതി രൂപീകരിക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ നിയമ, സാംസ്കാരികവകുപ്പ് സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തും. ചില ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിട്ടത് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ അബ്ദുള്‍ ഹക്കീം ആണ്.
തുടര്‍ന്ന് റിപ്പോര്‍ട്ട് മുദ്രവച്ച് സാംസ്കാരികവകുപ്പിനു മടക്കിനല്‍കി. സെക്രട്ടറിതല സമിതി രൂപീകരിച്ചാലും പൂര്‍ണ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ നല്‍കില്ല. പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ തുടര്‍നടപടി ആലോചിക്കുക. ഹേമ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ എല്ലാം നടപ്പാക്കാനാവില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാര്‍ ആര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കില്ല. കമ്മിറ്റിക്കു മൊഴിനല്‍കിയവര്‍ പരാതി നല്കിയാല് പരിഗണിക്കും.
യഥാര്‍ഥ റിപ്പോര്‍ട്ടും രണ്ട് പകര്‍പ്പുകളും 2019 ഡിസംബര്‍ 31-നാണ് ഹേമ കമ്മിറ്റി സര്‍ക്കാരിനു കൈമാറിയത്. തുടര്‍ന്ന്, റിപ്പോര്‍ട്ടിലെ മൂന്നര പേജുകളുടെ പകര്‍പ്പ് ചലച്ചിത്രമേഖലയിലുള്ളവര്ക്കു സര്‍ക്കാര്‍ വിതരണം ചെയ്തു. അഭിപ്രായരൂപീകരണത്തിനായി ചലച്ചിത്രരംഗത്തെ പ്രമുഖരുള്‍പ്പെട്ട യോഗവും നടത്തി. സാംസ്കാരിക, നിയമ സെക്രട്ടറിമാരും ഡബ്ല്യു.സി.സി. പ്രതിനിധികളും മണിയര്പിള്ള രാജു, സുരേഷ്കുമാര്‍, മേനക തുടങ്ങിയ ചലച്ചിത്രപ്രവര്‍ത്തകരും അതില്‍ പങ്കെടുത്തു. എന്നാല്‍, പിന്നീട് തുടര്‍നടപടിയുണ്ടായില്ല. കമ്മിറ്റി മുമ്പാകെ വെളിപ്പെടുത്തപ്പെട്ട സംഭവങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതായതിനാല്‍ ഇപ്പോള്‍ പ്രസക്തമല്ലെന്നു വാദിക്കുന്നവരും ചലച്ചിത്രമേഖലയിലുണ്ട്.
അതേസമയം, മൊഴികള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ടിന്റെ അനുബന്ധം എവിടെയെന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. സാംസ്കാരികവകുപ്പിന് അനുബന്ധരേഖകള്‍ ലഭിച്ചിട്ടില്ലെന്നു മുന്‍മന്ത്രി എ.കെ. ബാലന് വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് പൂര്‍ണമായി വായിച്ചിട്ടില്ലെന്നാണു മന്ത്രി സജി ചെറിയാനും പ്രതികരിച്ചത്. തന്റെ ഓഫീസില്‍ റിപ്പോര്‍ട്ടിന്റെ പകര്പ്പില്ലെന്നു 2020 ഫെബ്രുവരി 19-നു സാംസ്കാരികവകുപ്പ് സെക്രട്ടറിക്കെഴുതിയ കത്തില്‍ ജസ്റ്റിസ് ഹേമ വ്യക്തമാക്കുന്നു.
മൊഴികള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ടെന്നു വിവരാവകാശ കമ്മിഷന് വൃത്തങ്ങള്‍ പറയുമ്പോഴും ചില പ്രധാന നിരീക്ഷണങ്ങളും ശിപാര്‍ശകളും പുറത്തുവിട്ടിട്ടില്ല. ഒരു പകര്‍പ്പ് നിയമവകുപ്പിന്റെ പരിശോധനയ്ക്കും വിശകലനത്തിനും കൈമാറിയിരുന്നു. മറ്റൊന്ന് സംസ്ഥാന പോലീസ് മേധാവിക്കും നല്‍കിയെന്നാണു സൂചന. എന്നാല്‍, പൂര്‍ണ റിപ്പോര്‍ട്ടല്ല ഇരുകൂട്ടര്‍ക്കും കൈമാറിയത്.






