
ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ട്രെയിനി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം ഉടന്‍ അവസാനിപ്പിച്ച് എല്ലാവരും ജോലിക്ക് തിരികെ കയറണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളോടുള്ള ചതിയായിരിക്കും ഇതെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ജസ്റ്റീസുമാരായ ജെബി പാര്‍ഡിവാല, മനോജ് മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ട്രെയിനിഡോക്ടറുടെ കൊലപാതകം രാജ്യത്തെ പിടിച്ചുകുലുക്കുമ്പോള്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രതിഷേധം കാരണം ഡോക്ടര്‍മാര്‍ ഹാജരാകുന്നില്ലെന്ന് എയിംസ് നാഗ്പൂരിലെ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞതായിരുന്നു എല്ലാറ്റിന്റെയും തുടക്കം. അവര്‍ ഡ്യൂട്ടിയിലുണ്ടെങ്കില്‍ അവര്‍ക്ക് ആബ്സന്റ് മാര്‍ക്ക് ചെയ്യാനാകില്ലെന്നും ഇനി അവര്‍ ഡ്യൂട്ടി ചെയ്യുന്നില്ലെങ്കില്‍ നിയമം പിന്തുടരണം. തിരിച്ച് ജോലിയില്‍ കയറുന്നുണ്ടോയെന്ന് ചോദിക്കണമെന്നും ഇല്ലെന്നാണ് മറുപടിയെങ്കില്‍ ഏത് ഡോക്ടറായാലും അവര്‍ക്കെതിരേ നടപടിയെടുക്കണം. അതിന് ശേഷവും അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് ഇവിടെ പറഞ്ഞാല്‍ മതിയെന്നും അതിന് ആദ്യം ജോലിയില്‍ പ്രവേശിക്കുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
ചില കേസുകളില്‍ ഡോക്ടര്‍മാരുടെ അപ്പോയിന്റ്മെന്റ് കാത്ത് രണ്ടുവര്‍ഷത്തോളമായി കാത്തിരിക്കുന്നവര്‍ വരെയുണ്ടെന്നും പാവപ്പെട്ട അവരെ ചതിക്കാനാകില്ലെന്നും പറഞ്ഞു. അതേസമയം ചണ്ഡീഗഢിലെ പിജിഐഎംഇആറില്‍ നിന്നുള്ള ഡോക്ടര്‍മാരെ പ്രതിനിധീകരിച്ച് എത്തിയ അഭിഭാഷകന് ഡോക്ടര്‍മാര്‍ ഇരകളാക്കപ്പെടുന്നതായി പറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാര്‍ ആദ്യം ഡ്യൂട്ടിയില്‍ തിരിച്ചെത്തണമെന്ന് ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു. 'അവര്‍ ഡ്യൂട്ടിയില്‍ തിരിച്ചെത്തിയാല്‍, പ്രതികൂലമായ നടപടിയുണ്ടാകില്ല. അല്ലാത്തപക്ഷം ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നില്ലെങ്കില്‍ പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും കോടതി ചോദിച്ചു.
ഡോക്ടര്‍മാരുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശുപാര്‍ശകള്‍ നല്‍കുന്നതിനായി രൂപീകരിച്ച ദേശീയ ടാസ്ക് ഫോഴ്സ് അവരുടെ എല്ലാ ആശങ്കകളും പരിഹരിക്കുമെന്ന് കോടതി ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്കി.






