
തൃശൂര്‍: സിനിമ ചെയ്യാന്‍ വേണ്ടി മന്ത്രിസ്ഥാനം തിരിച്ചെടുത്താല്‍ പോലും സന്തോഷമെന്ന സുരേഷ്ഗോപിയുടെ പ്രസ്താവനയില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തിയെന്ന് സൂചന. സിനിമ ചെയ്യണമെന്ന കാര്യത്തില്‍ സുരേഷ്ഗോപി കടുത്ത നിലപാട് എടുത്താല്‍ കേന്ദ്രമന്ത്രി പദവിയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കുന്ന കാര്യം പോലും കേന്ദ്രനേതൃത്വം പരിഗണിച്ചേക്കാന്‍ സാധ്യതയുണ്ട്.
അമിത്ഷായുടെ പേര് പ്രസംഗത്തില്‍ പരാമര്‍ശിച്ചതിലും കേന്ദ്ര സംസ്ഥാന നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. നേരത്തേ ഫിലിം ചേംബറിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സുരേഷ്ഗോപി അമിത്ഷായുമായി നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞത്. കേന്ദ്രമന്ത്രി പദത്തില്‍ ഇരുന്നുകൊണ്ട് സുരേഷ്ഗോപിക്ക് സിനിമ ചെയ്യാനാകില്ലെന്നാണ് നിയമവിദഗ്ദ്ധരും നല്കുന്ന സൂചന.
മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടമാണ് സിനിമാനടന് കൂടിയായ സുരേഷ്ഗോപിക്ക് സിനിമ ചെയ്യുന്നതിന് തടസ്സമാകുന്നത്. കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമാ ചെയ്യാന്‍ അനുവാദം കിട്ടിയിയേക്കില്ല. മന്ത്രിസ്ഥാനം തന്നെ ഒരു മുഴുനീളജോലിയാണ്. അതിലിരുന്നുകൊണ്ട് ധനസമ്പാദനത്തിന്റെ മാര്‍ഗ്ഗം ചെയ്യാനാകില്ല എന്ന പെരുമാറ്റച്ചട്ടം സുരേഷ്ഗോപിക്കും തടസ്സമാകും. ഇക്കാര്യം പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ വിമര്‍ശനത്തിന് ആയുധമാക്കിയേക്കുമെന്ന് ബിജെപി സംസ്ഥാന നേതാക്കളും കരുതുന്നുണ്ട്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കേരളസംസ്ഥാനത്ത് നിന്നും കിട്ടുന്ന ആദ്യ എം.പി. എന്ന നിലയില്‍ സുരേഷ്ഗോപിയ്ക്ക് കേന്ദ്രമന്ത്രിമാര്ക്കിടയില് നല്ല സ്വാധീനമുണ്ട്. എന്നാല്‍ പുതിയ പ്രസ്താവന താരത്തിന് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പിന് കാരണമാകുമെന്നാണ് കരുതുന്നത്. സുരേഷ്ഗോപിയുടെ പ്രസ്താവന ബിജെപി സംസ്ഥാന നേതൃത്വത്തിനും കേന്ദ്രനേതൃത്വത്തിനും തലവേദനയാണ്. തൃശൂര്‍ എംപിയായിരിക്കെ സുരേഷ്ഗോപി തുറന്നുവിട്ട വിവാദത്തില്‍ അമിത്ഷാ അടക്കമുള്ള നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.






