
മലയാളത്തിന്റെ മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോള്‍ ആരാധകര്‍ക്ക് നൂറു നാവാണ്. അഭിനയമേഖലയില്‍ അതുല്യപ്രതിഭയാണെന്നതു പോലെ തന്നെ റിയല്‍ ലൈഫിലും മമ്മൂട്ടി പലരുടെയും ഹീറോയാണ്. മമ്മൂട്ടി നല്കുന്ന കെയറും കരുതലും ശ്രദ്ധയുമൊക്കെ സിനിമയ്ക്കുള്ളിലുള്ള പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ രോഗവിവരത്തെപ്പറ്റി വെളിപ്പെടുത്തുകയാണ് നടി ഗ്രേസ് ആന്റണി. തനിക്ക് ഡിസ്ക് ബള്‍ജ് ചെയ്തു വരികയായിരുന്നുവെന്നും നടക്കാൻ കഴിയാതെ തളർന്നു പോകുന്ന നിലയിലേക്ക് വരെ എത്തിയിരുന്നുവെന്നും സർജറി ചെയ്യുന്ന കാര്യം ആദ്യം അറിയിച്ചത് നടൻ മമ്മൂട്ടിയെ ഗ്രേസ് ആന്റണി ഒരു ഓണ്‍ലൈൻ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘‘നമ്മള് ചില പ്രോജക്ടിലേക്ക് കയറി കഴിഞ്ഞാല്‍ ബാക്കിയുള്ള കാര്യങ്ങള്‍ എല്ലാം മറന്നു പോകും. എനിക്ക് ഡിസ്ക് ബള്‍ജ് വന്നു. അതിന്റെ വേദന അസഹനീയമാണ്. ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് ഞാൻ ആരുടെ അടുത്തും അത് പറഞ്ഞില്ല. ഷൂട്ടിംഗ് ആരംഭിച്ചാല്‍ ഞാൻ അത് മറക്കും. പക്ഷേ അങ്ങനെ ചെയ്യരുത് എന്ന് അത് കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്. നിരന്തരം വന്ന് ചെറിയ ബള്‍ജ് വലുതായി. പതിയെ വേദന മാറി മരവിപ്പായി. എനിക്ക് കാല് ഫീല്‍ ചെയ്യാതായി. ഒരു ഭാഗം സ്വാധീനമില്ലാത്ത രീതിയിലേക്ക് വന്നു. എന്റെ കാല് അനങ്ങുന്നില്ല. നടക്കുമ്പോള്‍ ഞാൻ വീഴുന്ന സ്റ്റേജിലേക്ക് ആയി.
ഞാൻ മനസ്സിലാക്കി, എന്തോ എന്റെ ശരീരത്ത് സംഭവിക്കുന്നുണ്ട്. അതുവരെ ഞാൻ ആരുടെ എടുത്തും പറഞ്ഞിരുന്നില്ല. അത് തെറ്റായിപ്പോയി. നമ്മുടെ ആരോഗ്യം നമ്മള് നോക്കണമായിരുന്നു. അവസാനം കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് സർജറി ചെയ്തത്. അത് എടുത്തുമാറ്റി. ആശുപത്രിയില്‍ കയറിയപ്പോള്‍ ആദ്യം സംവിധായകൻ റാം സാറിനെ വിളിച്ച് കാര്യം പറഞ്ഞു. പിന്നീട് മമ്മൂക്കയ്ക്ക് മെസ്സേജ് അയച്ചു. വേറെ ആരോട് പറഞ്ഞില്ലെങ്കിലും, ഇനി എന്തെങ്കിലും എനിക്ക് സംഭവിച്ചാല്‍ ഇക്ക അറിയണം. എനിക്ക് വയ്യ, ഞാൻ സർജറിക്ക് പോവുകയാണെന്ന് മമ്മൂക്കയ്ക്ക് മെസ്സേജ് അയച്ചു. പ്രാർത്ഥിക്കാം എന്ന് അദ്ദേഹം റിപ്ലൈയും തന്നു. എന്നിട്ട് ഫോണ്‍ മാറ്റി സൈലന്റ് മോഡിലേക്ക് വച്ചിട്ടാണ് ഞാൻ സർജറിക്ക് പോകുന്നത്. ഈ രണ്ടു വ്യക്തികളോടാണ് ഞാൻ ഇത് പറഞ്ഞത്. വേറെ ആർക്കും എന്റെ രോഗവിവരം അറിയില്ലായിരുന്നു...’’ ഗ്രേസ് ആന്റണി പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം റോഷാക്കിൽ ഒരു ശ്രദ്ധേയ വേഷം ഗ്രേസ് ചെയ്തിരുന്നു. നുണക്കുഴിയിൽ ഏറ്റവും കൂടുതൽ കയ്യടി നേടുന്നതും ഗ്രേസിന്റെ കഥാപാത്രം തന്നെയാണ്. നടി എന്നതിലുപരി സംവിധാനം, നിർമാണം, തിരക്കഥ എഴുത്ത് എന്നിവയിലെല്ലാം പരീക്ഷണം നടത്തി വിജയിച്ചിട്ടുണ്ട് ഗ്രേസ്. സംവിധാനം, നിർമാണം, തിരക്കഥ എന്നിവയെല്ലാം ചെയ്ത ഗ്രേസിന്റെ ഹ്രസ്വചിത്രം വലിയ വിജയവുമായിരുന്നു.
ഒമർ ലുലു സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ ഒരൊറ്റ സീൻ കൊണ്ട് മലയാളി മനസിൽ കയറിപ്പറ്റിയ താരമാണ് ഗ്രേസ് ആന്റണി. പിന്നീട് സൂപ്പർ ഹിറ്റ് ചിത്രം കുമ്പളങ്ങി നൈറ്റ്സിൽ ഫഹദിന്റെ ഭാര്യ വേഷം ചെയ്തും താരം ഞെട്ടിച്ചു. ആ ഒരൊറ്റ ചിത്രം താരത്തിന്റെ കരിയർ തന്നെ മാറി. ശേഷം ഒരുപാട് മികച്ച വേഷങ്ങൾ താരത്തെ തേടി വന്നു.
അടുത്തിടെ പുറത്തിറങ്ങിയ വെബ് സീരിസ് നാഗേന്ദ്രൻസ് ഹണിമൂണിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഗ്രേസിന്റെ കഥാപാത്രമായ ലില്ലിക്കുട്ടിയാണ്. നാഗേന്ദ്രൻസ് ഹണിമൂണിലെ ഗ്രേസിന്റെ പ്രകടനം കണ്ട് ഉർവശിയുടെ കൽപ്പനയുടെയും പിന്‍ഗാമിയാണ് ഗ്രേസ് എന്നാണ് പ്രേക്ഷകർ പറഞ്ഞത്. നുണക്കുഴിയാണ് ഗ്രേസിന്റെ ഏറ്റവും പുതിയ റിലീസ്.






