
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളും വീഡിയോകളുമാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
അതില്‍ പലതും കാണുമ്പോള്‍ നമുക്ക് അത്ഭുതം തോന്നാറുണ്ട്. എന്നാലും എന്തിനാവും ആളുകള്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നത്? ലൈക്കിനും ഷെയറിനും വ്യൂസിനും വേണ്ടി എന്തും ചെയ്യുമോ തുടങ്ങിയ ചോദ്യങ്ങളെല്ലാം നമുക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ടാകാം. എന്തായാലും, അത്തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടത്.
കാശിനെ വളരെ ബഹുമാനത്തോടെ കാണണം എന്നു പറയാറുണ്ട്. കാരണം, നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ അത്യാവശ്യത്തിനുള്ള പണം നമ്മുടെ കയ്യിലുണ്ടായേ തീരൂ. ഏത് നേരത്താണ് ജീവിതം മാറിമറിയുന്നത് എന്ന് പോലും പറയാനാവില്ല. ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവരും അത്യാവശ്യത്തിനു പോലും പണമില്ലാത്തവരും കയറിക്കിടക്കാന്‍ ഒരു കൊച്ചുകൂര പോലും ഇല്ലാത്തവരുമായ അനേകം ആളുകള്‍ ഈ ലോകത്തുണ്ട്. അതുകൊണ്ട് തന്നെയാണ് പണത്തെ ബഹുമാനിക്കണം എന്നു പറയുന്നതും. എന്നാല്‍, ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയില്‍ കാണുന്നത് ഒരു യുവതി കുറച്ച് നോട്ടുകള്‍ അടിച്ചുവാരിക്കൂട്ടുന്നതാണ്.
@mrs.good.lucky എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സോഷ്യല്‍ മീഡിയ ബ്ലോഗറായ അനസ്താസിയ ബല്വനോവിച്ചിന്റേതാണ് വീഡിയോ. അനസ്താസിയ നോട്ടുകള്‍ അടിച്ചുവാരുന്നതാണ് വീഡിയോയില്‍ കാണുന്നത്. അത് ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കാനാണോ എന്നും വീഡിയോ കാണുമ്പോള്‍ സംശയം തോന്നുന്നുണ്ട്. എന്തായാലും, വീഡിയോ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ നിരവധിപ്പേര്‍ കമന്റുകളുമായും എത്തി. ഇത് ശരിയല്ല എന്നും പണത്തിനോട് ബഹുമാനം കാണിക്കണമെന്നും പറഞ്ഞവരുണ്ട്. അതേസമയം, ഇതൊക്കെ ശരിക്കും നോട്ടുകള്‍ തന്നെയാണോ എന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചു.






