
ജോലി മേഖലകളില്‍ നേരിടുന്ന പല പ്രശ്നങ്ങളും ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. സമാനമായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയകാണ് ഇവിടെ ഒരു യുവാവ്. ഗാഢനിദ്രയില്‍ നിന്നും തന്നെ വിളിച്ചുണര്‍ത്തി അഞ്ച് മണിക്കൂറിനുള്ളില്‍ ജോലിക്ക് കയറണമെന്ന് മേലുദ്യോഗസ്ഥന് നിര്‍ദ്ദേശിച്ചുവെന്ന യുവാവിന്റെ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ജൂനിയര്‍ എന്‍ജിനീയറായ യുവാവാണ് തന്റെ മേലുദ്യോഗസ്ഥന് രാവിലെ ആറുമണിക്ക് ജോലിക്ക് കയറാന്‍ തന്നോട് പുലര്‍ച്ചെ 1.30 -ന് ഫോണ്‍ വിളിച്ച് ആവശ്യപ്പെട്ടതായി സമൂഹ മാധ്യമത്തില്‍ എഴുതിയത്. മേലുദ്യോഗസ്ഥന്റെ പ്രവര്‍ത്തിയെ 'ടോക്സിക്' എന്ന് വിളിച്ച് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വിമര്‍ശിച്ചു.
വിനിത് പാട്ടീല്‍ എന്ന ജൂനിയര്‍ എന്‍ജിനീയറാണ് തന്റെ ജോലി സമ്മര്‍ദ്ദത്തെ കുറിച്ചുള്ള അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തലേരാത്രി 9 മണിക്ക് ജോലി കഴിഞ്ഞ് ഇറങ്ങിയ തന്നെ വീണ്ടും പുലര്‍ച്ചെ 1.30ന് വിളിച്ച് രാവിലെ ആറുമണിക്ക് ജോലിക്ക് കയറണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിനീത് സമൂഹ മാധ്യമത്തിലെഴുതിയത്. ഷെഡ്യൂള്‍ പ്രകാരം താന്‍ ജോലിക്ക് കയറിയേണ്ടി ഇരുന്നതിനേക്കാള്‍ ഒന്നര മണിക്കൂര്‍ നേരത്തെ തന്നോട് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഇദ്ദേഹം എഴുതി.
ക്ഷീണിതനായി കിടന്നുറങ്ങുക ആയിരുന്നതിനാല്‍ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടില്ലെന്നും അതുകൊണ്ടുതന്നെ തനിക്ക് ആ കോള്‍ എടുക്കാന്‍ കഴിഞ്ഞില്ലെന്നും വിനീത് എഴുതി. പിന്നീട് രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഫോണില്‍ മെസ്സേജ് കിടക്കുന്നത് കണ്ടാണ് താന്‍ കാര്യങ്ങള്‍ അറിഞ്ഞതെന്നും ഇയാള്‍ കൂട്ടിചേര്‍ത്തു. ഫോണ്‍ എടുക്കാതിരുന്നത് തന്റെ ജോലിയെ ബാധിക്കുമോ എന്ന ഭയം തനിക്കുണ്ടെന്നും വിനീത് റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.കുറിപ്പ് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ഇതിന് പിന്നാലെ നിരവധി പേരാണ് വിനീതിന് പിന്തുണ അറിയിച്ച് കൊണ്ട് അഭിപ്രായ പ്രകടനം നടത്തിയത്. 'വിഷലിപ്തമായ തൊഴില്‍ സംസ്കാരം' എന്നായിരുന്നു ചിലര്‍ പോസ്റ്റിന് താഴെ കുറിച്ചത്. അതേസമയം ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക വേണ്ടെന്നും മേല്‍ ഉദ്യോഗസ്ഥനെ കണ്ട് കാര്യങ്ങള്‍ പറയാനും ചിലര്‍ നിര്‍ദ്ദേശിച്ചു. അതേസമയം സമൂഹ മാധ്യമങ്ങളില്‍ തന്റെ കുറിപ്പ് വൈറലായതിന് പിന്നാലെ യുവാവ് തന്റെ കുറിപ്പ് പിന്‍വലിച്ചു.






