
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെ ഒരു നമീബിയന്‍ ചീറ്റ കൂടി ചത്തു. 'പവന്' എന്ന ചീറ്റ ചത്തതായി അധികൃതര്‍ അറിയിച്ചു. അഞ്ച്മാസം പ്രായമുള്ള ഗമിനി എന്ന ചീറ്റ ചത്തതിന് പിന്നാലെയാണ് കുനോയില്‍ വീണ്ടും ചീറ്റയുടെ മരണം. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേഷന്‍ ഓഫ് ഫോറസ്റ്റ് (എപിസിസിഎഫ്) ഓഫീസും ലയണ്‍ പ്രൊജക്റ്റ് ഡയറക്ടറുമായ ഉത്തം ശര്‍മ്മയാണ് ചീറ്റയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുനോ നാഷണല്‍ പാര്‍ക്കിലെ കൂട്ടത്തില്‍ ഏറ്റവും വേഗക്കാരനായിരുന്ന ചീറ്റയാണ് പവന്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10:30 ഓടെ കുറ്റിക്കാടുകള്‍ക്കിടയില്‍ അനക്കമില്ലാതെ കിടക്കുന്ന നിലയിലാണ് ചീറ്റയെ കണ്ടതെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അധികൃതര്‍ അറിയിച്ചു. മൃഗഡോക്ടര്‍ വിശദമായി പരിശോധിച്ചപ്പോള്‍ ചീറ്റയുടെ ശരീരത്തിന്റെ മുന്‍ഭാഗവും തലയുള്‍പ്പെടെയുള്ള ഭാഗം വെള്ളത്തില്‍ മുങ്ങിയിരുന്നതായി കണ്ടെത്തി. മൃതദേഹത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയില്ല. വെള്ളത്തില്‍ മുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ മരണ കാരണം വ്യക്തമാകൂ.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില് നമീബയില്‍ നിന്നും കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച ചീറ്റകളിലൊന്നായിരുന്നു പവന് എന്ന ഈ ചീറ്റ. പവന്റെ മരണത്തെ തുടര്‍ന്ന് കുനോ നാഷണല്‍ പാര്‍ക്കില്‍ ഇനി 24 ചീറ്റകളാണ് ഉള്ളത്. അതില്‍ 12 മുതിര്‍ന്ന ചീറ്റകളും 12കുഞ്ഞുങ്ങളുമാണ് ഉള്ളത്.






