
മലയാള താരസംഘടനയായ ‘അമ്മ’ യില്‍ കഴിഞ്ഞ ദിവസമാണ് കൂട്ട രാജി വന്നത്. ഭരണസിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടിവന്ന ലൈം ഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ധാർമ്മിക ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്ന കാര്യം മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പറഞ്ഞത്. എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മോഹന്‍ലാലിന്റെ രാജി.
ഇപ്പോഴിതാ രാജിവെക്കുന്നതാണ് ശരിയെന്ന് തോന്നിയതുകൊണ്ടാകാം മോഹൻലാല്‍ അടക്കമുള്ളവർ ആ തീരുമാനത്തിലേക്ക് എത്തിയതെന്ന് ഇടവേള ബാബു പറയുകയാണ്.
‘‘എന്നെ അദ്ദേഹം വിളിച്ചിരുന്നു. ചേട്ടന് യുക്തമാണെന്ന് തോന്നുന്ന തീരുമാനത്തിലെത്താനാണ് ഞാൻ പറഞ്ഞത്. എല്ലാവരും ഒരുമിച്ച് അറ്റാക്ക് ചെയ്യുന്നുവെന്ന സംഭവം വന്നപ്പോള്‍ എന്തിനാണ്… എന്ന് തോന്നിക്കാണും. മോഹൻലാലിനോ മമ്മൂട്ടിക്കോ അമ്മ വേണ്ട. പക്ഷെ അവരെ അമ്മയ്ക്ക് ആവശ്യമാണ്.
ഇനി പുതിയ നേതൃത്വം വരും. ഭംഗിയായിട്ട് മുന്നോട്ട് കൊണ്ടുപോകാൻ പറ്റും. ലാലേട്ടൻ കംഫർട്ടബിലിറ്റിയുടെ ആളാണ്. പ്രശ്നങ്ങളില്‍ ചെന്ന് ചാടാൻ താല്പര്യമില്ലാത്തയാളാണ്. എല്ലാവരും സന്തോഷത്തിലിരിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പിന്നെ സന്തോഷമില്ലാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ എന്തിനാണ് ഞാൻ ഈ കുരിശ് ചുമക്കുന്നതെന്ന് അദ്ദേഹത്തിന് തോന്നില്ലേ… ലാലേട്ടൻ എന്ത് പ്രതിസന്ധിയിലും നില്‍ക്കുന്നയാളാണ്.
അതിനൊപ്പം കംഫർട്ടബിലിറ്റി എന്നൊരു കാര്യം കൂടി അദ്ദേഹത്തിന് ആഗ്രഹമുണ്ടെന്നും നടൻ പറഞ്ഞു. വിടവാങ്ങല്‍ പ്രസംഗത്തില്‍ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. എനിക്ക് അമ്മയില്‍ നിന്നും ഒരു വിഷമമേയുള്ളുവെന്ന്… അതിപ്പോഴുമുണ്ട്. പ്രശ്നങ്ങള്‍ വരുമ്പോള്‍ എല്ലാവരും ഓടി ഒളിക്കുകയല്ല വേണ്ടത്. അതിനെ നേരിടാനും അതിന് നേതൃത്വം കൊടുക്കുന്നവർക്ക് പരിപൂർണ്ണ പിന്തുണ കൊടുക്കുകയുമാണ് വേണ്ടത്. അത് പലപ്പോഴും ഉണ്ടായിട്ടില്ലെന്ന് ലാലേട്ടനും തോന്നിക്കാണും.
ഇനി ഞാൻ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് വരില്ല. പക്ഷെ അമ്മയ്ക്കായി എന്ത് സഹായവുമായി ഞാനുണ്ടാകും. പിന്നെ സ്ത്രീകള്‍ക്ക് നേതൃസ്ഥാനത്തേക്ക് വരാം. സ്ഥനമൊഴിഞ്ഞശേഷവും എല്ലാവരും എന്നെ തന്നെയാണ് വിളിക്കുന്നത്. ആളുകള്‍ അവരുടെ ആശങ്കകള്‍ അടക്കം പങ്കുവെക്കുന്നുമുണ്ട്. അത് ബന്ധപ്പെട്ടവരിലേക്ക് ഞാൻ എത്തിക്കുന്നുമുണ്ട്.
പിന്നെ ചിലരെ തേജോവധം ചെയ്യണമെന്ന ഉദ്ദേശത്തോടെ ചില എയിമുകള് വെച്ച് കളികള്‍ നടന്നിട്ടുണ്ട്. അതിനുള്ള ഉദ്ദേശങ്ങള്‍ കുറേക്കാലമായിട്ടുണ്ട്. അതിന്റെ ഭാഗമായി കീ പോസ്റ്റിലിരുന്ന എല്ലാവർക്കും അടി തരുന്നുണ്ട് ഇപ്പോള്‍. അതുപോലെ ഹേമ കമ്മിറ്റി എന്നെ വിളിച്ചിട്ടില്ല. അമ്മയില്‍ നിന്നും അധികം സ്ത്രീകളെ വിളിച്ചിട്ടുമില്ല.
അമ്മയിലെ അംഗങ്ങളില്‍ പത്ത് പേര് പോലും മൊഴി കൊടുത്തിട്ടുണ്ടാവില്ല. അമ്മയില്‍ കൂടുതല്‍ സ്ത്രീകളാണ്. പക്ഷെ അവരുടെ മൊഴി എടുത്തില്ല. അമ്മ എന്ന സംഘടന നിലനില്ക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം...’’ ഇടവേള ബാബു പറഞ്ഞു.






