
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇ.പി. ജയരാജനെ മാറ്റി. ബിജെപി ബാന്ധവ വിവാദത്തില്‍ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തതിനെ തുടര്‍ന്നാണ് ഇ.പി.യെ മാറ്റിയത്. ഇന്ന് ചേരാനിരിക്കുന്ന സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇ.പി. ജയരാജന് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങിയിരുന്നു. തൊട്ടുപിന്നാലെ പുറത്താക്കിയ റിപ്പോര്‍ട്ടുകളും പുറത്തുവരികയായിരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലായിരുന്നു തീരുമാനമെന്നാണ് സൂചനകള്‍.
മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടി.പി. രാമകൃഷ്ണന് പകരം ചുമതല നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. നേരത്ത ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യന്നുണ്ട്. അതിന് മുന്നോടിയായി തന്നെ ഇ.പി.യ്ക്കെതിരേ പാര്‍ട്ടി അച്ചടക്ക നടപടി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് കണ്ണൂരില്‍ ചില പരിപാടികളുണ്ടെന്നും അതില്‍ പങ്കെടുക്കുന്നതിനാണ് സംസ്ഥാനസമിതിയില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നുമായിരുന്നു പ്രതികരണം. പാര്‍ട്ടി നടപടിക്കാര്യം ആദ്യം നിഷേധിക്കുകയും ചെയ്തിരുന്നു.
പാര്‍ട്ടിയുടെ അച്ചടക്ക നടപടിയെക്കുറിച്ച് പാര്‍ട്ടിയോ ഇ.പി. യോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായിട്ടായിരുന്നു ഇ.പി. പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറിനെ ദല്ലാള്‍ നന്ദകുമാറിനൊപ്പം തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ സന്ദര്‍ശിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായി മാറുകയും ചെയ്തിരുന്നു. പ്രതിഷേധിച്ചാണ് ഇ.പി. കണ്ണൂരിലേക്ക് മടങ്ങിയതെന്നും സംസ്ഥാനസമിതിയോഗം ബഹിഷ്ക്കരിച്ചതെന്നും സൂചനയുണ്ട്.
ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയ മുതിര്‍ന്ന സിപിഎം നേതാവ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലോടെയാണ് വിവാദം തുടങ്ങിയത്. ബിജെപി പ്രവേശനത്തില്‍ 90 ശതമാനം ചര്‍ച്ചകള്‍ ഇ പി പൂര്‍ത്തിയാക്കിയിരുന്നെന്നും എന്നാല്‍ എന്തുകൊണ്ടാണ് പിന്മാറിയതെന്ന് വെളിപ്പെടുത്തേണ്ടത് അദ്ദേഹം തന്നെയാണെന്നുമായിരുന്നു ശോഭയുടെ ആരോപണം.






